ഒറ്റപ്പാലം: നിപ വൈറസ് ബാധിച്ചവര്‍ ഒറ്റപ്പാലത്തുമെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാജപ്രചരണം. വാട്‌സാപ്പിലൂടെ ശബ്ദസന്ദേശങ്ങളായാണ് വ്യാജവാര്‍ത്ത പരക്കുന്നത്. രണ്ടുപേരെ വൈറസ് ബാധിച്ച് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ് സന്ദേശങ്ങളില്‍ പറയുന്നത്.

ഇത്തരത്തില്‍ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും പരക്കുന്നത് തെറ്റായ വാര്‍ത്തയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ട് ശബ്ദസന്ദേശങ്ങളാണ് ഇത്തരത്തില്‍ തെറ്റിധാരണ പരത്തുന്നത്. ജില്ലയില്‍ നിപ വൈറസ് എത്തിയെന്നും ബാധിച്ചവരെ കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും വെള്ളം ചൂടാക്കാതെ കുടിക്കരുതെന്നും വ്യാജസന്ദേശത്തില്‍ പറയുന്നു. രണ്ടിലും വെവ്വേറെ സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്നാണ് പറയുന്നത്. സംഗതി കേട്ടതോടെ പലരും ആശുപത്രിയിലേക്കുവിളിച്ച് കാര്യങ്ങളന്വേഷിച്ചു.

പ്രചരണം വ്യാപകമായതോടെ ആരോഗ്യവകുപ്പില്‍ ഡി.എം.ഒ.യെയും ഒറ്റപ്പാലം പോലീസിനെയും നഗരസഭയെയും സമീപിച്ചിരിക്കയാണ് ആശുപത്രി അധികൃതര്‍. നിപ വൈറസുമായി ബന്ധപ്പെട്ട് തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരേ ക്രൈം ബ്രാഞ്ചിനുകീഴിലെ സൈബര്‍ സെല്ല് നിരീക്ഷിക്കുന്നതിനിടെയാണ് പൊതുജനങ്ങളില്‍ ആശങ്ക പരത്തുന്ന ഈ പ്രചരണം നടക്കുന്നത്. സാമൂഹികമാധ്യമങ്ങളില്‍ തെറ്റായ പ്രചരണം നടത്തിയ രണ്ടുപേര്‍ക്കെതിരെ തൃത്താല പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു.

ഒറ്റപ്പാലത്ത് നിപ എന്നത് തെറ്റായ പ്രചരണം

കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ നിപ വൈറസ് ബാധിതരുണ്ടെന്ന് സാമൂഹികമാധ്യമങ്ങളില്‍ പരക്കുന്നത് തെറ്റായ പ്രചരണമാണ്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പരാതി അറിയിച്ചിരുന്നു. നിപ ബാധിതരായ ആരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു.

ഡോ. കെ.പി. റീത്ത

ഡി.എം.ഒ. പാലക്കാട്