ഒറ്റപ്പാലം: യന്ത്രമനുഷ്യനെ പഠിക്കാന്‍ ഒറ്റപ്പാലത്തെ വിദ്യാര്‍ഥികള്‍ക്കൊരു കേന്ദ്രമൊരുങ്ങുന്നു. ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയത്തിലാണ് അടല്‍ ടിങ്കറിങ് ലാബ് പദ്ധതിയൊരുങ്ങിയത്. വിദ്യാര്‍ഥികളുടെ സാങ്കേതികത്തികവ് വര്‍ധിപ്പിക്കാനും അതില്‍ പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കാനും അത് നടപ്പാക്കാനുമുള്ള വേദിയൊരുക്കുകയാണ് അടല്‍ ടിങ്കറിങ് ലാബിന്റെ ലക്ഷ്യം. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് പുറമെ സമീപത്തെ മറ്റ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ലാബ് ഉപയോഗപ്രദമാക്കാവുന്ന രീതിയിലാണ് നിര്‍മാണം. ലാബിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും.

യന്ത്രമനുഷ്യനെ നിര്‍മിക്കാനും അവയെ ഉപയോഗിച്ച് വിവിധ പ്രവൃത്തികള്‍ ചെയ്യിക്കാനുമുള്ള പരിശീലനം, ത്രീഡി പ്രിന്റിങ് ടെക്‌നോളജി, സെന്‍സര്‍ ടെക്‌നോളജി തുടങ്ങിയ കാര്യങ്ങളാണ് നിലവില്‍ ലാബില്‍നിന്ന് പഠിച്ചെടുക്കാനാവുക. സ്‌കൂള്‍ ഗേറ്റിനുമുന്നില്‍ ആളുകളെത്തിയാല്‍ സെന്‍സര്‍ സംവിധാനമുപയോഗിച്ച് ഗേറ്റ് തുറക്കാനുള്ള വിദ്യ പഠിക്കുകയാണ് കുട്ടികളിപ്പോള്‍. ദൂരമളക്കല്‍, കൃഷിയിടങ്ങളിലെ ഈര്‍പ്പമളക്കല്‍, ഗ്യാസ് സെന്‍സറിങ്, ചൂടളക്കല്‍ തുടങ്ങി നിരവധി സാങ്കേതികവിദ്യകളാണ് സെന്‍സറിലൂടെ പഠിപ്പിക്കുന്നത്. ഇവയെല്ലാം നിര്‍മിച്ച് സ്‌കൂളില്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് അധ്യാപകര്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നീതി ആയോഗ് 'ഓള്‍ ഇന്ത്യ ഇന്നോവേഷന്‍ മിഷന്‍' പദ്ധതി പ്രകാരമാണ് കേന്ദ്രീയ വിദ്യാലയത്തില്‍ ടിങ്കറിങ് ലാബ് തുടങ്ങുന്നത്. 20 ലക്ഷം രൂപയുടെ പദ്ധതിയാണിത്. എഡ്യുടെക് ഇന്ത്യ ലിമിറ്റഡ് കമ്പനിയാണ് ലാബ് നിര്‍മിച്ചിട്ടുള്ളത്. ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനി ഒരു ജീവനക്കാരനെ നിയമിച്ചിട്ടുണ്ട്. ഒപ്പം കേന്ദ്രീയ വിദ്യാലയത്തിലെ രണ്ട് അധ്യാപകരുമുണ്ടാവും.

കേരളത്തില്‍ നിന്ന് 40 കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കാണ് ടിങ്കറിങ് ലാബ് അനുവദിച്ചിട്ടുള്ളത്. പനമണ്ണയിലെ ഖരമാലിന്യസംസ്‌കരണ പ്ലാന്റിലെ പ്ലാസ്റ്റിക് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം കേന്ദ്രീയ വിദ്യാലയ തയ്യാറാക്കിയ പ്രൊജക്ടാണ് ലാബിന് അംഗീകാരം കിട്ടാന്‍ കാരണമായതെന്ന് അധ്യാപകര്‍ പറഞ്ഞു. ലാബിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും രക്ഷിതാവുമായ എസ്. ശിവരാമന്‍ പങ്കെടുക്കും.