ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയുടെ നിര്‍മാണസമയത്ത് സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍തന്നെ നഷ്ടപരിഹാരം നല്‍കിയ സംഭവത്തില്‍ പണം തിരിച്ചുപിടിക്കാന്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം. അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധയെത്തുടര്‍ന്നാണ് ബന്ധപ്പെട്ട വ്യക്തികളില്‍നിന്ന് തിരിച്ചുപിടിക്കാന്‍ നിര്‍ദേശം നല്‍കിയത്.

സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കുന്നതിനാണ് പണം നല്‍കിയതെന്ന് പരിശോധനയില്‍ ഓഡിറ്റ് വിഭാഗത്തിന് ബോധ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍തന്നെ നഷ്ടപരിഹാരം നല്‍കിയെന്ന് കാണിച്ച് മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു.

ഒറ്റപ്പാലംനഗരത്തിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയുടെ വികസനത്തിനായി കൈയേറ്റം ഒഴിപ്പിക്കുമ്പോഴാണ് 5,37,305 രൂപ നല്‍കി സര്‍ക്കാര്‍ സ്വന്തംഭൂമി ഏറ്റെടുത്തത്. ഒറ്റപ്പാലം-2 വില്ലേജില്‍ ഉള്‍പ്പെടുന്ന ലക്ഷ്മി തിയേറ്റര്‍ മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കുവരെയുള്ള ഭാഗങ്ങളിലെ കൈയേറ്റഭൂമിക്കാണ് നഷ്ടപരിഹാരം നല്‍കിയത്. റവന്യൂരേഖകളോ ആധാരങ്ങളോ പരിശോധിക്കാതെയായിരുന്നു അന്ന് നഷ്ടപരിഹാരം നല്‍കിയത്.

ആ ഭാഗങ്ങളിലെ അഞ്ചുപേര്‍ക്കായാണ് ഇത്രയുംതുക നല്‍കിയത്. ഈ സ്ഥലങ്ങളുടെ കൈവശരേഖകളൊന്നും ലാന്‍ഡ് അക്വിസിഷന്‍ വകുപ്പിലുമില്ലെന്നും ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ടെന്ന് റവന്യൂവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിലൊന്നില്‍ നഷ്ടപരിഹാരത്തുക കൈപ്പറ്റിയത് ലക്കിടി-പേരൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട ആധാരപ്രകാരമാണെന്നും സര്‍ക്കാര്‍ രേഖകളില്‍ അടയാളപ്പെടുത്തിയിരുന്നു.

ഭൂമിസംബന്ധമായ അടിസ്ഥാനരേഖയായ സെറ്റില്‍മെന്റ് രജിസ്റ്ററിലും ബേസിക് ടാക്‌സ് രജിസ്റ്ററിലും ഇത്രയും ഭൂമി സര്‍ക്കാരിന്റേതാണെന്നും പരിശോധനാവിഭാഗം തിരിച്ചറിഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരം വാങ്ങിയ സംഭവത്തില്‍ തുടര്‍നടപടി ഉടന്‍ ഉണ്ടാകുമെന്ന് സബ് കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു.