മുക്കാലി: ജോലികിട്ടിയാല്‍ സ്വന്തംകാര്യംനോക്കിപ്പോകുന്നവര്‍ മുക്കാലിയിലെ ഈ കൂട്ടായ്മ മാതൃകയാക്കണം. പകല്‍മുഴുവന്‍ കൂലിപ്പണിയെടുക്കുന്ന ഇരുപത്തഞ്ചോളം ബിരുദധാരികള്‍ക്ക് രാത്രി സൗജന്യ പി.എസ്.സി. പരിശീലനം. അവധി ദിവസങ്ങളില്‍ സ്‌കൂള്‍ക്കുട്ടികള്‍ക്ക് ഇവരുടെവക സൗജന്യ ട്യൂഷന്‍. വനപാലകനായ മുക്കാലിസ്വദേശി ആര്‍.ബി. രതീഷ്‌മോന്‍ തുടങ്ങിയ ഗ്രീന്‍ ആര്‍മി ഒന്നരവര്‍ഷത്തിനിടെ 10 പേരെ സര്‍ക്കാര്‍ജോലിക്കാരാക്കി. മറ്റുപലരും റാങ്ക് പട്ടികയിലുണ്ട്.

പേരില്‍മാത്രമല്ല പരിശീലനത്തിലും പട്ടാളശൈലിയാണ്. പഠിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. എല്ലാദിവസവും മാതൃകാപരീക്ഷ നടത്തും. രതീഷിനോടൊപ്പം സൈലന്റ്വാലി ദേശീയോദ്യാനത്തിലെ യു.ഡി. ക്ലാര്‍ക്ക് ബി. ജയകുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം. ഷെമീര്‍, ബി.ആര്‍. ജയകുമാര്‍, സിന, അഗളി ഗ്രാമപ്പഞ്ചായത്തിലെ എല്‍.ഡി. ക്ലാര്‍ക്ക് സന്തോഷ് കുമാര്‍ തുടങ്ങിയവരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നു. രാത്രി എട്ടുമുതല്‍ 12 വരെയാണ് പരിശീലനം. വനിതകള്‍ക്ക് 10 മണിവരെയും.

രണ്ടുമാസംമുമ്പാണ് കുട്ടികള്‍ക്ക് സൗജന്യ ട്യൂഷന്‍ തുടങ്ങിയത്. ഗ്രീന്‍ ആര്‍മിയില്‍വന്ന ഒരു ഏഴാം ക്‌ളാസുകാരന് എഴുതാന്‍ അറിയില്ലെന്നവിവരം ഞെട്ടിച്ചെന്ന് രതീഷ് പറഞ്ഞു. ഇക്കാര്യം പി.എസ്.സി. പഠിതാക്കളോട് പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ പരിസരപ്രദേശത്ത് നടത്തിയ പഠനത്തില്‍ നിരവധി കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും കണക്കു കൂട്ടാനും അറിയില്ലെന്ന് വ്യക്തമായി. തുടര്‍ന്നാണ് അവര്‍ ട്യൂഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.

കൊട്ടിയുര്‍ക്കുന്ന്, ചോലക്കാട്, മുക്കാലി തുടങ്ങിയ ഊരുകളിലെയും പരിസരപ്രദേശത്തുള്ള സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികള്‍ക്കുമാണ് ട്യൂഷന്‍. പി.എസ്.സി. പരിശീലനത്തിനും ട്യൂഷനും വലിയ സാമ്പത്തിക ചെലവുണ്ട്. നിരവധിപേരുടെ പിന്തുണയുണ്ടെന്ന് രതീഷ് പറഞ്ഞു.

സൈലന്റ് വാലി നാഷണല്‍പാര്‍ക്ക് ഡ്രൈവേഴ്‌സ് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റി (ഇ.ഡി.സി.) കഴിഞ്ഞദിവസം ഗ്രീന്‍ ആര്‍മിക്ക് 5,000 രൂപയുടെ പുസ്തകങ്ങള്‍ നല്‍കി. പ്രസിഡന്റ് സലാം, സെക്രട്ടറിയും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുമായ ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ ഗ്രീന്‍ ആര്‍മി പ്രസിഡന്റ് രതീഷ്‌മോന് പുസ്തകങ്ങള്‍ കൈമാറി.