ഒറ്റപ്പാലം: നൂറുവര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്നത്തെ മീറ്റ്‌ന സ്‌കൂള്‍ നിന്നിടത്ത് ഒരു കുതിരസവാരികേന്ദ്രമുണ്ടായിരുന്നു. ആ ഗ്രാമത്തിലെ പ്രമുഖകുടുംബമായ മീറ്റ്‌ന മനയിലെ ആളുകള്‍ കുതിരസവാരികേന്ദ്രത്തിനോട് ചേര്‍ന്ന് കുട്ടികള്‍ക്ക് വിദ്യപകര്‍ന്നുനല്‍കാന്‍ ഒരു സ്ഥലംകണ്ടെത്തി. കാലങ്ങള്‍ക്കിപ്പുറം കുതിരയും കുതിരസവാരികേന്ദ്രവും ഇല്ലാതായി.

പതുക്കെ മീറ്റ്‌ന മനയുടെ ഭാഗമായ ആ സ്‌കൂള്‍ വളര്‍ന്നുവന്നു. 1918 കഴിഞ്ഞ് നൂറുവര്‍ഷത്തിനിപ്പുറവും മീറ്റ്‌ന സീനിയര്‍ ബേസിക് സ്‌കൂള്‍ എന്ന പേരില്‍ ആ സ്‌കൂള്‍ ഇന്നും നിലനില്‍ക്കുന്നു. മീറ്റ്‌ന രാമന്‍ നമ്പൂതിരി സ്ഥാപിച്ച വിദ്യാലയത്തില്‍ രാമനെഴുത്തച്ഛനായിരുന്നു ആദ്യ പ്രധാനാധ്യാപകന്‍. അമ്പതുവര്‍ഷത്തോളം മീറ്റ്‌ന മനയുടെ നേതൃത്വത്തിലായിരുന്നു സ്‌കൂള്‍. പിന്നീട് തൃക്കങ്ങോട്ടെ നാരായണിക്കുട്ടി നേതൃത്വം ഏറ്റെടുത്തു. എല്‍.കെ.ജി. മുതല്‍ ഏഴാംക്ലാസുവരെയുള്ള സ്‌കൂള്‍ ഇന്ന് ഈ നാടിന്റ അറിവിന്റെ കേന്ദ്രമാണ്.

കേരള തപാല്‍വകുപ്പിന്റെ മേധാവിയായിരുന്ന ഇന്ദിരാ കൃഷ്ണകുമാറടക്കം നിരവധിപേര്‍ സ്‌കൂളിന്റെ പെരുമയെ നാടൊട്ടുക്കെത്തിച്ചു. ആ വളര്‍ച്ചയുടെ നൂറാം വാര്‍ഷികമാഘോഷിക്കുകയാണ് ശനിയാഴ്ച മീറ്റ്‌ന സ്‌കൂള്‍. ഇംഗ്ലീഷ്, മലയാളം ബാച്ചുകളും ഇന്ന് സ്‌കൂളിലുണ്ട്. ശതാബ്ദിയാഘോഷത്തോടനുബന്ധിച്ച് 25 ലക്ഷംരൂപ ചെലവിട്ട് നാല് ക്ലാസ്‌റൂമുകള്‍ ഇവിടെ ഒരുങ്ങുന്നുണ്ട്. ശതാബ്ദിയാഘോഷ സ്മാരകമന്ദിരവും ഭക്ഷണശാലയും ജൈവവൈവിധ്യപാര്‍ക്കും പൊതുജനങ്ങള്‍ക്കായി മാനേജ്‌മെന്റ് വിട്ടുനല്‍കുന്ന സ്ഥലത്ത് ബസ് കാത്തിരിപ്പുകേന്ദ്രവുമെല്ലാം ശതാബ്ദിയാഘോഷത്തിനൊപ്പം ഒരുക്കാനാണ് അധികൃതരുടെ ലക്ഷ്യം.

ചടങ്ങില്‍, വിരമിച്ച അധ്യാപകരെ ആദരിക്കും. സോദാഹരണക്ലാസ്, ശില്പശാല, ചിത്രപ്രദര്‍ശനം, ആരോഗ്യക്യാമ്പുകള്‍, സിനിമാപ്രദര്‍ശനം എന്നിങ്ങനെ നിരവധി പരിപാടികളും ശതാബ്ദിയോടനുബന്ധിച്ച് നടക്കുന്നുണ്ട്.

ശതാബ്ദിയാഘോഷം പി. ഉണ്ണി എം.എല്‍.എ., കൗണ്‍സിലര്‍ ജോസ് തോമസ്, കൂടിയാട്ടം കലാകാരന്‍ പി.കെ. നാരായണന്‍ നമ്പ്യാര്‍, കഥകളി കലാകാരന്‍ ഡോ. സദനം ഹരികുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനംചെയ്യും. നഗരസഭാധ്യക്ഷന്‍ എന്‍.എം. നാരായണന്‍ നമ്പൂതിരി അധ്യക്ഷനാകും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് സ്‌കൂളിലാണ് പരിപാടി.