മണ്ണാര്‍ക്കാട്: ഡെങ്കിപ്പനിബാധിച്ച് രണ്ടുപേര്‍ മരിക്കയും പനി പടര്‍ന്നുപിടിക്കയും ചെയ്യുമ്പോഴും കൊതുകുവളര്‍ത്തുകേന്ദ്രമായിത്തന്നെ നിലകൊള്ളുകയാണ് മണ്ണാര്‍ക്കാട് നഗരപ്രദേശം. ഇടയ്ക്കിടയ്ക്ക് എത്തുന്ന മഴയില്‍ വഴിയോരങ്ങളിലെ മാലിന്യമാകട്ടെ ചീഞ്ഞ് പരിസരത്താകെ ദുര്‍ഗന്ധവും പരത്തുന്നു.

ദേശീയപാത കടന്നുപോകുന്ന നഗരത്തിലെ അഴുക്കുചാലുകളെല്ലാം പരിതാപകരമായ അവസ്ഥയിലാണിപ്പോഴും. നിരവധി വാഹനങ്ങളും യാത്രക്കാരുമെല്ലാം കടന്നുപോകുന്ന നഗരത്തിലെ രജിസ്ട്രാര്‍ ഓഫീസ് ജങ്ഷനില്‍ താഴേക്കുള്ള താലൂക്കാസ്​പത്രി റോഡില്‍ മലിനജലം ഒഴുകുന്നത് സ്ലാബിനുമുകളിലൂടെയാണ്. തളംകെട്ടിനില്‍ക്കുന്ന ഈ മലിനജലം കൊതുകുവളര്‍ത്തുകേന്ദ്രമായിരിക്കയാണ്.

മണ്ണാര്‍ക്കാട് പോേസ്റ്റാഫീസ് പ്രവര്‍ത്തിക്കുന്നത് ഇവിടെയാണ്. ഇതിനടുത്ത മമ്മാലക്കുടിയിലെ ഒഴിഞ്ഞപറമ്പില്‍ നിന്ന് ഉയരുന്നതാകട്ടെ അസഹനീയ ദുര്‍ഗന്ധമാണ്. പ്ലാസ്റ്റിക് മാലിന്യക്കിറ്റുകളും മലിനജലവും ഇടയ്ക്ക് പെയ്യുന്ന മഴയും കൂടിയാവുമ്പോള്‍ ജനവാസമേഖലയായ ഈ പ്രദേശത്തുകാരുടെ ജീവിതവും ദുരിതപൂര്‍ണമാണ്.

നഗരപ്രദേശത്തോടുചേര്‍ന്ന് അലക്ഷ്യമായി പ്രവര്‍ത്തിക്കുന്ന ആക്രിക്കടകളും പോലീസ് സ്റ്റേഷനില്‍ പിടിച്ചിട്ട പഴയ വാഹനങ്ങളുമെല്ലാം കൊതുകുവളര്‍ത്തുകേന്ദ്രമാണ്. തന്മൂലം നിരവധി പോലീസുകാര്‍ക്കും പനി ബാധിച്ചിട്ടുണ്ട്.

താലൂക്കാസ്​പത്രിയില്‍ ദിനംപ്രതി രണ്ടായിരത്തോളംപേരാണെത്തുന്നത്. ഇവരില്‍ ഈമാസംമാത്രം 250പേര്‍ക്ക് ഡെങ്കിപ്പനി ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതിനുപുറമെ സ്വകാര്യ ക്ലിനിക്കുകളിലും ഡോക്ടര്‍മാരുടെ വീടുകളിലുമെല്ലാം പനിബാധിതരയാവരുടെ നീണ്ടനിരയുമാണ് ഇപ്പോഴുള്ളത്. ഒരാഴ്ചയ്ക്കിടെ മണ്ണാര്‍ക്കാട് മേഖലയില്‍മാത്രം രണ്ടുപേരാണ് ഡെങ്കിപ്പനിബാധിച്ച് മരിച്ചത്.