മലമ്പുഴ: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സൗഹൃദ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഭക്ഷ്യമേളയൊരുക്കി വിദ്യാര്‍ഥികള്‍ കൈകോര്‍ത്തത് സഹപാഠിക്കുവേണ്ടി. ഒന്നര വയസ്സില്‍ ആസിഡ് ദേഹത്തുവീണ് പൊള്ളലേറ്റ അല്‍ഫോണ്‍സയുടെ തുടര്‍ച്ചികിത്സയ്ക്ക് തുക കണ്ടെത്താനാണ് കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ മേളയൊരുക്കിയത്.

പ്ലാസ്റ്റിക് സര്‍ജറിക്ക് തുക കണ്ടെത്താന്‍ അല്‍ഫോണ്‍സയുടെ അച്ഛന്‍ സ്ഥലം പാട്ടത്തിനെടുത്ത് വാഴക്കൃഷി നടത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ വീശിയടിച്ച കാറ്റില്‍ വാഴകള്‍ നിലംപൊത്തി.

ഒന്നരലക്ഷം രൂപയാണ് വേണ്ടത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത വ്യക്തി ഒരുലക്ഷം രൂപ നല്‍കിയതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ബാക്കി 50,000-ത്തില്‍ 20,000 രൂപ കണ്ടെത്തിയ വിദ്യാര്‍ഥികള്‍ തുക പ്രിന്‍സിപ്പലിനെ ഏല്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ ടി.എന്‍. മുരളിയുടെ സാന്നിധ്യത്തില്‍ അല്‍ഫോണ്‍സയുടെ അച്ഛന് തുക കൈമാറി.

സീനിയര്‍ അസി. പി.എസ്. ജവഹര്‍, ടി.ടി. ബാലന്‍, പി. ഗിരീഷ്, എം. സ്മിത, സൂരജ്, അര്‍ജുന്‍, ജനീഫ, കൃഷ്ണകുമാര്‍, അക്ഷയ്, അസ്മത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.