അഗളി: ആദിവാസിയുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ വനംജീവനക്കാര്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്ന് പോലീസ്. മധുവിന്റെമരണം അന്വേഷിക്കുന്ന പോലീസ് സംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വനത്തിലെ താമസസ്ഥലത്തുനിന്ന് മധുവിനെ പിടികൂടുന്നതിന് വനംവകുപ്പ് ജീവനക്കാര്‍ സഹായിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍, ഇത് അടിസ്ഥാനരഹിതമാണെന്ന് പോലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുക്കാലി കിളയില്‍ മരയ്ക്കാറാണ് മധുവിന്റെ വാസസ്ഥലം കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വനംവകുപ്പിന്റെ കീഴിലുള്ള തേക്ക് തോട്ടത്തില്‍ കരാറുകാരനുകീഴില്‍ ജോലിചെയ്യുന്നയാളാണ് മരയ്ക്കാര്‍. മധുവിന്റെ താമസസ്ഥലം കണ്ടെത്തിയതും മറ്റ് പ്രതികളെ അവിടേക്കെത്തിച്ചതും ഇയാളാണ്. അനുമതിയില്ലാതെയാണ് ഇവര്‍ ഇവിടേക്ക് പ്രവേശിച്ചതെന്നും അന്വേഷണസംഘം പറഞ്ഞു.

കേസില്‍ ഒരുമാസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കും. തെളിവെടുപ്പും അറസ്റ്റിലായ 16 പ്രതികളുടെ മൊഴിയെടുപ്പും പൂര്‍ത്തിയായി. 60തിലധികം സാക്ഷികളുടെയും മൊഴിയെടുത്തു. മധുവിനെ പ്രതികള്‍ ചോദ്യംചെയ്യുന്നതിന്റെയും മര്‍ദിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങളുടെ ആധികാരികത മാത്രമാണ് ഇനി പരിശോധിക്കാനുള്ളത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്കായി നല്‍കിയിട്ടുണ്ട്. ഇവ പൂര്‍ത്തിയായാല്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്നും പോലീസ് പറഞ്ഞു.

കൊലപാതകക്കേസില്‍ ഇതിനോടകം 16 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച മണ്ണാര്‍ക്കാട് എസ്.സി./എസ്.ടി. പ്രത്യേക കോടതി തള്ളിയിരുന്നു. സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് കൊലപാതകത്തില്‍ തുല്യ പങ്കാളിത്തമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടുവരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

രണ്ടുദിവസത്തിന് മുമ്പ് മര്‍ദനമേറ്റിട്ടില്ല

മരണത്തിന് രണ്ടുദിവസംമുമ്പ് മധുവിന് മര്‍ദനമേറ്റിട്ടില്ലെന്ന് പോലീസ്. മൃതദേഹപരിശോധന നടത്തുന്നതിന് രണ്ടുദിവസം മുമ്പ് മര്‍ദനമേറ്റെന്നതാണ് പരിശോധനാഫലം. മധു കൊല്ലപ്പെട്ട് രണ്ടുദിവസത്തിന് ശേഷമാണ് മൃതദേഹപരിശോധന നടത്തിയത്. ഇത് ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും പോലീസ് പറഞ്ഞു.