കോട്ടായി: കാണാതായ വിദ്യാര്‍ഥിയുടേതെന്ന് സംശയിക്കുന്ന തലയോട്ടിയും അസ്ഥിയും കോട്ടായിയില്‍ വനത്തിനുള്ളില്‍ കണ്ടെത്തി. കോട്ടായിയില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥി, തകരക്കുളമ്പ് മാധവന്റെ മകന്‍ മനോജിന്റെ (17) അസ്ഥികൂടമാണ് കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

തോലനൂര്‍ വട്ടപാറയ്ക്ക് സമീപത്തെ കാട്ടില്‍ വ്യാഴാഴ്ച വൈകീട്ട് വനപാലകരുടെ നേതൃത്വത്തില്‍ കാടുവെട്ടിത്തെളിക്കുന്നതിനിടെയാണ് അവശിഷ്ടങ്ങള്‍ കണ്ടത്. വീട്ടില്‍നിന്നും മൂന്നുകിലോമീറ്റര്‍ അകലെയാണ് കാട്.

അസ്ഥികൂടത്തിലുണ്ടായിരുന്ന ലുങ്കിയും സമീപത്തുകിടന്നിരുന്ന ഷര്‍ട്ടും ചീര്‍പ്പും കണ്ടാണ് മനോജാണെന്ന നിഗമനത്തിലെത്തിയത്. അവശിഷ്ടങ്ങള്‍ ഡി.എന്‍.എ. പരിശോധനയ്ക്കയച്ചു. ഫലം വന്നാലേ സ്ഥിരീകരിക്കൂ.

കഴിഞ്ഞ ജൂണില്‍ മനോജിനെ കാണാനില്ലെന്ന് കോട്ടായി പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് കോട്ടായി എസ്.ഐ. സി.വി. രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും രണ്ടുദിവസം കാട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. മഴയും പൊന്തക്കാടുമായതിനാല്‍ പോലീസ് നായ കുറച്ചുദൂരം പോയി തിരിച്ചുവന്നു.

സംഭവത്തില്‍ ദുരൂഹതയില്ലെന്നും വീട്ടുകാരുമായി പിണങ്ങിപ്പോയതിനുശേഷം ആത്മഹത്യ ചെയ്തതാവാമെന്നും കോട്ടായി പോലീസ് അറിയിച്ചു.