കൊപ്പം: പിറന്നാള്‍ദിനത്തില്‍ പ്രകൃതിസംരക്ഷണത്തിനും മുളയുടെ പ്രചാരണത്തിനും തുടക്കമിട്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി. 'മുള-പ്രകൃതിയും ജീവതാളവും' എന്ന ആശയവുമായി രംഗത്തിറങ്ങിയ കൊപ്പം ഗവ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി നൈനാ ഫെബിനാണ് ശ്രദ്ധേയയാകുന്നത്. അടുത്ത പിറന്നാള്‍ എത്തുമ്പോഴേക്കും പുഴയോരങ്ങളിലും മറ്റുമായി 1001 മുളന്തൈ വെച്ചുപിടിപ്പിക്കാനാണ് ഈ 'മുളത്തോഴി' ലക്ഷ്യമിട്ടിരിക്കുന്നത്.

പിറന്നാള്‍ദിനത്തില്‍ സ്‌കൂളിലേക്ക് ഒരുകൂട്ടം മുളന്തൈകള്‍ നല്‍കിയാണ് നൈനാ ഫെബിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. സ്‌കൂള്‍ അങ്കണത്തില്‍ മാതൃകാ മുള ഉദ്യാനവും ലക്ഷ്യമിടുന്നുണ്ട്. അധ്യാപകരുടെയും പി.ടി.എ.യുടെയും സഹകരണവും ഇതിന് അറിയിച്ചിട്ടുണ്ട്. ഫെബിന്റെ നേതൃത്വത്തില്‍ തിരുവേഗപ്പുറ കേന്ദ്രീകരിച്ചുള്ള മുളവാദ്യസംഘമായ ഒച്ച, ദി ബാംബൂ സെയിന്റ്‌സാണ് (THE BAMBOO SAINTS) ഈ ദൗത്യം എറ്റെടുക്കുന്നത്.

മുളയുടെ പ്രചാരകയായി മാറുന്ന പ്രവൃത്തിയാണ് ഈ വിദ്യാര്‍ഥിനി മുന്നോട്ടുവെക്കുന്നത്. മുളയെപ്പറ്റിയുള്ള അന്വേഷണ-ഗവേഷണങ്ങളും ഇതോടൊപ്പം നൈനാ ഫെബിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നുണ്ട്. അടുത്തമാസം സ്‌കൂളില്‍ ലോക മുളദിനാചരണവും വിവിധ പരിപാടികളോടെ നടത്താനുള്ള ഒരുക്കത്തിലാണ് നൈനയും സംഘവും.