കൂറ്റനാട്: പെണ്‍കരുത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള യജ്ഞത്തിലാണ് പട്ടിത്തറ പഞ്ചായത്ത്. ദേശീയതൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെട്ട 280-ഓളം വനിതകള്‍ ഇവിടെ കിണര്‍നിര്‍മാണം തുടങ്ങി. കിണര്‍നിര്‍മാണത്തിന്റെ എല്ലാഘട്ടങ്ങളും തനിയെ ചെയ്യാന്‍ സജ്ജമാണ് വനിതാസേന.

15 മീറ്റര്‍ ആഴത്തില്‍വരെ ഇറങ്ങിച്ചെന്ന് കുഴിയെടുക്കും. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഹരിതകേരള മിഷനിലൂടെ പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി 150-ഓളം കിണറുകളാണിവര്‍ നിര്‍മിച്ചത്. നാല് പുതിയ കുളങ്ങളും നിര്‍മിച്ചു. ഉപയോഗശൂന്യമായ 28-ഓളം കുളങ്ങള്‍ പുനരുജ്ജീവിപ്പിക്കാനും 22 തോടുകള്‍ ഉപയോഗപ്രദമാക്കാനും മഴക്കുഴി, സോക്ക്പിറ്റ് എന്നിവ നിര്‍മിക്കാനും ഇവര്‍ക്ക് സാധിച്ചു.

ഈവര്‍ഷം 54 കിണറുകളുടെ നിര്‍മാണം തുടങ്ങി. പത്തെണ്ണം പൂര്‍ത്തിയാക്കുകയുംചെയ്തു. പഞ്ചായത്തിലെ 18 വാര്‍ഡുകളിലെയും അവശവിഭാഗങ്ങളില്‍പ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും കിണര്‍ നിര്‍മിച്ചുനല്‍കുകയാണ് ലക്ഷ്യം. ജലസംരക്ഷണപ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.