കൂറ്റനാട്: വിസ്മയമാണ്, ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനിപള്ളിയില്‍ ഒരുക്കിയ 'ഗുഹയ്ക്കുള്ളിലെ പുല്‍ക്കൂട്'. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രകൃതിക്കിണങ്ങുംവിധം പുല്‍ക്കൂട് ഒരുക്കിയിട്ടുള്ളത്.
 
പഴയപത്രങ്ങള്‍, തുണി, ചാക്ക്, വൈക്കോല്‍, മണ്ണ് എന്നിവകൊണ്ടാണ് ഗുഹ നിര്‍മിച്ചിരിക്കുന്നത് ഗുഹയ്ക്കകത്തേക്ക് പ്രവേശിക്കുമ്പോള്‍ ഉള്‍ക്കാടുകളിലൂടെ സഞ്ചരിക്കുന്ന പ്രതീതി തോന്നുംവിധത്തിലാണ് നിര്‍മാണം. മാന്‍പേടകള്‍, നീര്‍ച്ചാലുകള്‍, മരച്ചെടികള്‍ എന്നിവയും വിവിധ പക്ഷിമൃഗാദികളുടെ ശബ്ദം, കൂടാതെ ബൈബിള്‍ വേദവാക്യം എന്നിവയും പുല്‍ക്കൂടില്‍ ഒരുക്കിയിട്ടുണ്ട്.
 
പള്ളിക്കുചുറ്റും നൂറോളം എല്‍.ഇ.ഡി. നക്ഷത്രങ്ങള്‍, വലിയനക്ഷത്രം, ക്രിസ്മസ് ട്രീ എന്നിവയുമുണ്ട്. 20പേര്‍ 15 ദിവസം എടുത്താണ് ഗുഹ നിര്‍മിച്ചത്. രാത്രി ഏഴു മണിമുതല്‍ പത്തുവരെയാണ് സന്ദര്‍ശനസമയം. പുല്‍ക്കൂടിന്റെ ഉദ്ഘാടനം വികാരി ഫാദര്‍ യെല്‍ദോ എം. ജോയ് നിര്‍വഹിച്ചു. ഇടവകയിലെ പത്തോളം കുടുംബയൂണിറ്റുകളുടെ ക്രിസ്മസ് ആഘോഷം ശനിയാഴ്ച സമാപിക്കും. 24-ന് വൈകീട്ട് 6.30-ന് സന്ധ്യാപ്രാര്‍ഥനയോടെ തിരുപ്പിറവിയുടെ ശുശ്രൂഷകള്‍ ആരംഭിക്കും.
 
തുടര്‍ന്ന്, തീജ്വാല ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ക്രിസ്മസ് സന്ദേശം, സ്‌നേഹവിരുന്ന് എന്നിവയുണ്ടാകും. 25-ന് വൈകീട്ട് 6.30-ന് വിവിധ ദേവാലയങ്ങളിലെ ഗായകസംഘങ്ങളെ പങ്കെടുപ്പിച്ചുള്ള കരോള്‍ ഗാനസന്ധ്യയും നടക്കും.