കൂറ്റനാട്: 22-ാം വയസ്സില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നടന്ന കൃഷിരീതികളെ പരിചയപ്പെടുത്തുന്ന പരിശീലനക്ലാസില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ കപ്പൂര്‍ കിഴക്കേവളപ്പില്‍ ബാപ്പുട്ടി കൃഷിയെ ജീവിതമാര്‍ഗമായി കൂടെക്കൂട്ടിയിരുന്നു. 24 വര്‍ഷം പിന്നിടുമ്പോള്‍ തികഞ്ഞ സംതൃപ്തിയും ആത്മവിശ്വാസവുമാണ് ആ മുഖത്ത്.

വിവിധയിനം വാഴകളാണ് ബാപ്പുട്ടിയുടെ കൃഷിയിടങ്ങളെ വ്യത്യസ്തമാക്കുന്നത്. ചെങ്കദളി, പൂവന്‍, നാടന്‍പൂവന്‍, പൂജകദളി, പൊന്നന്‍, റോബസ്റ്റ, നേന്ത്രവാഴ തുടങ്ങി വിവിധയിനം വാഴകളാണ് തോട്ടത്തിലുള്ളത്. ഒരേക്കറിനടുത്ത് പാടത്ത് നെല്‍കൃഷിയും ചെയ്യുന്നുണ്ട്. പയര്‍, കപ്പ, മഞ്ഞള്‍, ഇഞ്ചി, കുരുമുളക് തുടങ്ങിയവയും തോട്ടത്തെ സമ്പുഷ്ടമാക്കുന്നുണ്ട്.

സ്‌കൂള്‍ബസിന്റെ ഡ്രൈവറായും ജോലിചെയ്യുന്ന ബാപ്പുട്ടി ഇതിനിടയിലുള്ള സമയത്താണ് കൃഷിയില്‍ വ്യാപൃതനാവുന്നത്. കേരളത്തില്‍ അധികം കണ്ടുവരാത്ത ഗോതമ്പുകൃഷിയടക്കം ബാപ്പുട്ടി പരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍, ഗോതമ്പ് പൊടിക്കുന്നതിന് ആലത്തൂരിലെ മില്ലുമാത്രമാണ് ആശ്രയമെന്നതാണ് ഇദ്ദേഹത്തെ ഗോതമ്പുകൃഷിയില്‍നിന്ന് പിന്തിരിപ്പിച്ചത്.

മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവയുടെ മിശ്രിതമടങ്ങിയ ചിരട്ടയില്‍ വെള്ളരിനട്ടും ബാപ്പുട്ടി നാട്ടുകാരെ അമ്പരപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മികച്ചകര്‍ഷകനുള്ള അവാര്‍ഡും ബാപ്പുട്ടിയെ തേടിവന്നിട്ടുണ്ട്.