കൊടുവായൂര്‍: ഓണവിപണയെ ലക്ഷ്യമാക്കി നേന്ത്രന്‍, പാളയങ്കോടന്‍, ഞാലിപ്പൂവന്‍ പഴങ്ങളില്‍ കച്ചവടക്കാര്‍ വിഷപ്രയോഗം നടത്തുന്നതായി പരാതി. ഓണക്കാലത്തെ വന്‍ ആവശ്യത്തെ മുന്‍നിര്‍ത്തിയാണ് കാര്‍ബൈഡ് വെക്കുകയും ചില രാസവസ്തുക്കള്‍ തളിക്കുകയും ചെയ്യുന്നത്.

കടുത്തവേനലില്‍ ഉത്പാദനം കുറഞ്ഞതിനാല്‍ നിലവില്‍ വിളവെടുപ്പ് നടത്തിയ കര്‍ഷകര്‍ക്ക് ഇത്തവണ മോശമല്ലാത്ത വില ലഭിച്ചു. എന്നാല്‍, വിപണിയിലെ ആവശ്യത്തിനനുസരിച്ച് വിളഞ്ഞ, മൂപ്പുകൂടിയ നേന്ത്രക്കുലകള്‍ ലഭിക്കാതായി. ഇതോടെ, മൂപ്പുകുറഞ്ഞവയും വിപണിയിലെത്തിച്ച് വില്പന നടത്താനാണ് പുകവെച്ച് പഴുപ്പിക്കുന്നതിനുപകരം കാര്‍ബൈഡും മറ്റ് രാസപദാര്‍ഥങ്ങളും വാഴക്കുലകളില്‍ പ്രയോഗിക്കുന്നത്.

ഇങ്ങനെ പ്രയോഗിക്കുമ്പോള്‍ മൂപ്പുകുറഞ്ഞ കായക്കുലയ്ക്കുപോലും നല്ല മഞ്ഞനിറം ലഭിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ഉപഭോക്താക്കള്‍ പരാതി ഉന്നയിക്കുമ്പോഴും ഫുഡ് ആന്‍ഡ് സേഫ്റ്റി അതോറിറ്റിയും ആസ്​പത്രികളോട് ചേര്‍ന്ന ആരോഗ്യപ്രവര്‍ത്തകരും പരസ്​പരം പഴിചാരുകയാണ്. കാര്‍ബൈഡ് വെക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും രാസവസ്തുക്കള്‍ തളിക്കുന്നത് അറിയില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.