കല്ലടിക്കോട്: കെട്ടിടംപണി പുര്‍ത്തിയായിട്ടും പ്രവര്‍ത്തനം തുടങ്ങാതെ പകല്‍വീട്. നിര്‍ധനരായവര്‍ക്ക് പകല്‍ വിശ്രമിക്കാനുള്ള കേന്ദ്രമാണ് ഈ പകല്‍വീട്. ഇവിടെ വരുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും മരുന്നും ലൈബ്രറി സൗകര്യങ്ങളും ഒരുക്കുന്നതാണ് പദ്ധതി. സര്‍ക്കാരിന്റെ പ്രത്യേകാനുമതി വാങ്ങിയാണ് ഈ പദ്ധതി തുടങ്ങിയത്. സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരവും കിട്ടിക്കഴിഞ്ഞു. 45 ലക്ഷം രൂപ മുടക്കി ബ്ലോക്ക് പഞ്ചായത്താണ് ഈ കെട്ടിടവും സൗകര്യങ്ങളും ഒരുക്കിയത്. ആവശ്യമായ ജീവനക്കാരെയും നിയമിച്ചു. പക്ഷേ, നടത്തിപ്പവകാശത്തെ ചെല്ലിയുള്ള തര്‍ക്കമാണ് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുന്നത്. കെട്ടിടവും സൗകര്യങ്ങളും ഒരുക്കിയ തങ്ങളാണ് പകല്‍വീട് നിയന്ത്രിക്കേണ്ടതെന്നും ബ്ലോക്ക് പഞ്ചായത്ത് അവകാശപ്പെടുന്നു. നടത്തിപ്പവകാശം വേണമെന്നാണ് ഗ്രാമപ്പഞ്ചായത്തിന്റെ ആവശ്യം.

ദിവസം 70 ഓളം പേര്‍ക്ക് മൂന്നുനേരവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിനായി ഈ വര്‍ഷം മാത്രം 12 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് മാറ്റിവെച്ചിരിക്കുന്നത്.

കെട്ടിടം ബ്ലോക്ക് പഞ്ചായത്തിന്റെയാണെങ്കിലും നടത്തിപ്പവകാശം അതത് പഞ്ചായത്തുകള്‍ക്ക് നല്‍കുകയാണ് പതിവെന്ന് കരിമ്പ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ പറയുന്നു. പഞ്ചായത്തിന്റെയല്ലാതെ ബ്ലോക്കിന്റെ നിയന്ത്രണത്തില്‍ വരുന്ന സ്ഥലത്തുമാത്രമാണ് ബ്ലോക്കിന് നേരിട്ട് പകല്‍വീട് നടത്താവുന്നത്. വ്യക്തമായ നിര്‍ദേശം കിട്ടാത്തതിനാലാണ് പഞ്ചായത്തിന് തീരുമാനമെടുക്കാന്‍ കഴിയാത്തതെന്നും ജയശ്രീ പറഞ്ഞു.