കല്ലടിക്കോട്: കല്ലടിക്കോട് നിര്‍മിച്ചിട്ടുള്ള പകല്‍വീട് നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങാത്തത് ജനവഞ്ചനയാണെന്ന് ബി.ജെ.പി. കരിമ്പ പഞ്ചായത്ത് കമ്മിറ്റി പറഞ്ഞു. ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ നടത്തുന്ന രാഷ്ട്രീയമത്സരത്തില്‍ പകല്‍വീട് കുടുങ്ങിക്കിടക്കുകയാണ്. പഞ്ചായത്തുകളുടെ തന്‍പ്രമാണിത്തം കാരണം ലക്ഷങ്ങള്‍ ചെലവഴിച്ച് പൂര്‍ത്തീകരിക്കപ്പെട്ട ഈ പദ്ധതി നശിക്കുകയാണ്. രാഷ്ടീയലാഭം കാണാതെ ഈ പദ്ധതിയുടെ ഗുണം സാധാരണജനങ്ങള്‍ക്ക് എത്തണമെന്നും കരിമ്പ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി.കെ. ചന്ദ്രകുമാര്‍ ആവശ്യപ്പെട്ടു.