ലക്കാട്: ചെറുകിട വൈദ്യുതോത്പാദന രംഗത്ത് പാലക്കാട് ജില്ലാപഞ്ചായത്തിന്റെ രണ്ടാമത്തെ സംരംഭമായ ഒരു മെഗാവാട്ട് പാലക്കുഴി ജലവൈദ്യുതപദ്ധതി യാഥാര്‍ഥ്യമാവുന്നു. നിര്‍മാണോദ്ഘാടനം വ്യാഴാഴ്ച ഉച്ചയ്ക്ക് 12-ന് കിഴക്കഞ്ചേരിയിലെ പാലക്കുഴിയില്‍ മന്ത്രിമാരായ എം.എം. മണി, എ.കെ. ബാലന്‍ എന്നിവര്‍ചേര്‍ന്ന് നിര്‍വഹിക്കുമെന്ന് ജില്ലാപഞ്ചായത്ത് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

മൂന്ന് മെഗാവാട്ട് മീന്‍വല്ലം പദ്ധതിയുടെ വിജയമാണ് പാലക്കുഴി പദ്ധതിയുമായി രംഗത്ത് വരാന്‍ ജില്ലാപഞ്ചായത്തിന്റെ പാലക്കാട് സ്മാള്‍ ഹൈഡ്രോ കമ്പനി ലിമിറ്റഡിനെ (പി.എച്ച്.എസ്.സി.) പ്രേരിപ്പിച്ചത്.

പാലക്കുഴിപ്പുഴയില്‍ 72 മീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ ഉയരത്തിലും തടയണകെട്ടി വര്‍ഷത്തില്‍ 3.78 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള സംരംഭമാണിത്. 13 കോടിയാണ് ചെലവ്. പദ്ധതി 18 മാസംകൊണ്ട് പൂര്‍ത്തിയാക്കും.

വിയറില്‍നിന്നുള്ള വെള്ളം 294 മീറ്റര്‍ നീളത്തില്‍ ലോ പ്രഷര്‍ പൈപ്പ് വഴിയും 438 മീറ്റര്‍ പെന്‍സ്റ്റോക്ക് പൈപ്പ് വഴിയും 222 മീറ്റര്‍ താഴേക്ക് എത്തിക്കും. രണ്ട് പെറ്റല്‍വീല്‍ ടര്‍ബൈന്‍വഴി 500 കിലോവാട്ടിന്റെ രണ്ട് ആള്‍ട്ടര്‍നേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.

ജൂണ്‍ മുതല്‍ നവംമ്പര്‍വരെ പ്രദേശത്ത് മഴവെള്ളം ലഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. വൈദ്യുതിബോര്‍ഡുമായി കരാര്‍ ഉണ്ടാക്കി വടക്കാഞ്ചേരി സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി നല്‍കാനാണ് പദ്ധതി.

പാലക്കുഴി വെള്ളച്ചാട്ടത്തിന്റെ സ്വാഭാവികഗതിക്ക് തടസ്സമുണ്ടാക്കാത്ത വിധത്തിലാവും പദ്ധതി പ്രവര്‍ത്തനമെന്ന് അധികൃതര്‍ പറഞ്ഞു. മുണ്ടൂരിലെ ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററാണ് കണ്‍സള്‍ട്ടന്‍സി. നെച്ചുപ്പാടം കണ്‍സ്ട്രക്ഷനാണ് സിവില്‍ജോലികളുടെ ചുമതല. നബാര്‍ഡില്‍നിന്നുള്ള ഒമ്പതുകോടിയടക്കം 70 ശതമാനം ചെലവും വായ്പയാണ്.

പദ്ധതിക്കാവശ്യമായ എട്ടരയേക്കര്‍ ഭൂമിയില്‍ 4.32 ഏക്കര്‍ സ്വന്തമായി വാങ്ങി. 4.32 ഏക്കറില്‍ ജലം കെട്ടിനിര്‍ത്തുന്നതിന് നിര്‍ണാംകുഴി തോമസ് എന്ന കര്‍ഷകനും അനുമതിനല്‍കി. വനഭൂമിക്കുവേണ്ട നടപടിയും ആരംഭിച്ചു.