കൊപ്പം: ചൂട് കൂടിയതോടെ പട്ടാമ്പി മേഖലയില്‍ കുറ്റിക്കാടുകള്‍ക്ക് തീപിടിക്കുന്നത് പതിവായി. മൂന്നും നാലും തീപ്പിടിത്തങ്ങളാണ് താലൂക്കിന്റെ വിവിധഭാഗങ്ങളില്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്യാപത്തുകള്‍ സംഭവിക്കുന്നില്ലെന്നുമാത്രം.

ഒഴിഞ്ഞ പറമ്പുകളിലെ കുറ്റിക്കാടുകളിലും റബ്ബര്‍ എസ്റ്റേറ്റുകളിലുമാണ് തീപ്പിടിത്തം പതിവാകുന്നത്. ഇതിനുപുറമേ റോഡരികിലെ കുറ്റിക്കാടുകള്‍ക്ക് തീപടരുന്നതും പതിവാണ്. തിങ്കളാഴ്ച വിളയൂര്‍ കരിങ്ങനാട് കുണ്ടിലെ ഏക്കര്‍കണക്കിന് കുറ്റിക്കാടുകള്‍ക്ക് തീപിടിച്ചു. മണിക്കൂറോളം തീ ആളിക്കത്തി. ജനവാസകേന്ദ്രത്തിലേക്കും തീപടര്‍ന്നത് നാട്ടുകാരില്‍ ആശങ്കയുണര്‍ത്തി. തുടര്‍ന്ന് നാട്ടുകാര്‍ തീയണയ്ക്കുവാനുളള ശ്രമം നടത്തി. ഷൊര്‍ണൂരില്‍നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റും സ്ഥലത്തെത്തി.

കഴിഞ്ഞ രണ്ടുദിവസങ്ങളിലായി താലൂക്കിലെ അഞ്ചിടങ്ങളിലാണ് തീപ്പിടിത്തം റിപ്പോര്‍ട്ടുചെയ്തത്. രാത്രി മണ്ണേങ്ങോടും വൈകീട്ട് പട്ടാമ്പി മാര്‍ക്കറ്റ് സമുച്ചയത്തിന് സമീപത്തെ പാടത്തും തീപ്പിടിത്തുമുണ്ടായി. ശങ്കരമംഗലം, ചുണ്ടമ്പറ്റ, തൃത്താല മുടവന്നൂര്‍ തുടങ്ങിയയിടങ്ങളിലും തീപ്പിടിത്തുമുണ്ടായി.

മണിക്കൂറുകളിടവിട്ട് തീപ്പിടിത്തമുണ്ടാകുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് ഷൊര്‍ണൂരിലെ ഫയര്‍ഫോഴ്‌സ് യൂണിറ്റ്. പലപ്പോഴും ഷൊര്‍ണൂരില്‍നിന്ന് പട്ടാമ്പിയിലേക്ക് യൂണിറ്റെത്തുമ്പോഴേക്കും നാട്ടുകാര്‍ തീയണച്ചുകഴിഞ്ഞിരിക്കും. തുടര്‍ന്ന് ഇവര്‍ മടങ്ങി ഷൊര്‍ണൂരിലെത്തുമ്പോഴാകും അടുത്ത തീപ്പിടിത്തം ഈ ഭാഗത്തുനിന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതുകൊണ്ടുതന്നെ പട്ടാമ്പിയില്‍ സ്ഥിരമായി ഒരു യൂണിറ്റ് ഫയര്‍ഫോഴ്‌സ് വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.