ഊട്ടി: ആനകളെ ഏറെ ഇഷ്ടപ്പെട്ട രാഷ്ട്രീയനേതാവായിരുന്നു അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത. 2003മുതല്‍ തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിലെ ആനകള്‍ക്ക് ഒരുമാസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സ ജയലളിത ആരംഭിച്ചതാണ്.
 
നീലഗിരിയിലെ മുതുമലയിലുള്ള ആനസങ്കേതത്തിലായിരുന്നു സുഖചികിത്സ നടന്നുവന്നിരുന്നത്. 2006ല്‍ കരുണാനിധി മുഖ്യമന്ത്രിയായതോടെ ഇത് നിര്‍ത്തലാക്കിയെങ്കിലും 2011ല്‍ ജയലളിത അധികാരത്തില്‍വന്നപ്പോള്‍ പുനരാരംഭിച്ചു. തമിഴ്‌നാടിന്റെ എല്ലാ ഭാഗത്തുനിന്നും ആനകളെ നീലഗിരി മലനിരകള്‍കയറ്റി മുതുമലയില്‍ കൊണ്ടുവരുന്ന പ്രയാസം കണക്കിലെടുത്ത് സുഖചികിത്സ മേട്ടുപ്പാളയത്തേക്ക് മാറ്റി.

ആനകള്‍ക്ക് പോഷകാഹാരങ്ങളും വിറ്റമിന്‍ഗുളികകളും ദേഹരക്ഷയും ഒക്കെയായി സുഖജീവിതമായിരിക്കും ഈ ഒരുമാസക്കാലം. വര്‍ഷന്തോറും ലക്ഷങ്ങളാണ് ഇതിനായി ചെലവഴിക്കുന്നത്.
ഇനി ആനകള്‍ക്കുള്ള സുഖചികിത്സാക്യാമ്പ് നടക്കുമോ എന്നത് ചോദ്യചിഹ്നമായിരിക്കയാണ്. ഗുരുവായൂരിലും തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിലും ജയലളിത ആനയെ നടയിരുത്തിയിരുന്നു.