കോയമ്പത്തൂര്‍: ജൂണ്‍ ആദ്യവാരം ആരംഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ കോയമ്പത്തൂരില്‍ ഇത്തവണ സാധാരണ മഴ പ്രതീക്ഷിക്കാമെന്ന് തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ കാര്‍ഷിക കാലാവസ്ഥാ ഗവേഷണംകേന്ദ്രം അറിയിച്ചു.

തമിഴ്‌നാട്ടിലെ 32 ജില്ലകളില്‍ 27 ജില്ലകളിലും ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെയുള്ള കാലയളവില്‍ 19 ശതമാനം തോതില്‍ മഴ ഉണ്ടാകുമെന്നതാണ് ഈ കാലാവസ്ഥാ നിഗമനത്തിന് കാരണമെന്ന് ഗവേഷണകേന്ദ്രം വിശദീകരിക്കുന്നു. കോയമ്പത്തൂരിലെന്നപ്പോലെ നീലിഗിരി, ഈറോഡ്, നാമക്കല്‍, സേലം, ധര്‍മപുരി, കൃഷ്ണഗിരി എന്നിവിടങ്ങളിലും മഴ ശരാശരിയായിരിക്കും. തിരുപ്പൂരില്‍മാത്രം മഴ കുറവായിരിക്കും.

ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെ കോയമ്പത്തൂരില്‍ 213 മില്ലിമീറ്റര്‍ മഴ പ്രതീക്ഷിക്കുന്നു.

ശരാശരി മഴയേക്കാള്‍ കൂടുതലാണിത്. ദീര്‍ഘകാലമായി കോയമ്പത്തൂരില്‍ കിട്ടിയിരുന്ന ശരാശരി മഴ 189.9 മില്ലിമീറ്ററാണ്. തിരുപ്പൂരില്‍ 123 മില്ലിമീറ്റര്‍ മഴയേ പ്രതീക്ഷിക്കേണ്ടതുള്ളു. അവിടെ കാലവര്‍ഷത്തില്‍ ശരാശരി മഴ 154.8 മില്ലിമീറ്ററാണ്.