ചിറ്റൂര്‍: ചിറ്റൂര്‍പ്പുഴ വൃത്തിയാക്കല്‍ ദൗത്യവുമായി ചിറ്റൂര്‍- തത്തമംഗലം നഗരസഭ. പാഴ്‌ച്ചെടികളും കുളവാഴകളും വളര്‍ന്ന് പുല്‍ത്തകിടിപോലെയായ പുഴയെയാണ് നഗരസഭ ശുചീകരിക്കുന്നത്. പുഴപ്പാലം തടയണമുതല്‍ ബംഗ്ലാവ് പറമ്പുവരെയുള്ള 27,900 ചതുരശ്രമീറ്റര്‍ ജലസ്രോതസ്സിലാണ് ശുചീകരണം നടക്കുന്നത്. ചിറ്റൂര്‍പ്പുഴയെ നശിപ്പിക്കാതെ സംരക്ഷിക്കണമെന്ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.

അതിന്റെ അടിസ്ഥാനത്തില്‍ ജനകീയാസൂത്രണപദ്ധതിയില്‍പ്പെടുത്തി, എട്ടുലക്ഷം രൂപ ചെലവിട്ടാണ് പുഴ വൃത്തിയാക്കുന്നതെന്ന് കൗണ്‍സിലര്‍ കെ. മധു പറഞ്ഞു. പുഴയോരം കൈയേറിയും ചണ്ടിനിറഞ്ഞും ഇരുകരകളെയും തൊട്ടുരുമ്മി ഒഴുകിയിരുന്ന ശോകനാശിനിപ്പുഴ പുഴയല്ലാതായി. പഴയ ശോകനാശിനിയെ വീണ്ടെടുക്കണമെന്ന് വിവിധതലങ്ങളില്‍നിന്ന് ആവശ്യമുയര്‍ന്നതിനെത്തുടര്‍ന്നാണ് നഗരസഭ ശുചീകരണം ആരംഭിച്ചത്. വെള്ളത്തില്‍ ബാര്‍ജിന്റെ മുകളില്‍ ഹിറ്റാച്ചി ഘടിപ്പിച്ചാണ് പുഴയില്‍നിന്ന് ചണ്ടിയും പുല്ലും നീക്കംചെയ്യുന്നത്. കുടിവെള്ള സ്രോതസ്സ് വൃത്തിയാക്കലാണ് പ്രഥമലക്ഷ്യം. പുഴ മുഴുവന്‍ വൃത്തിയാക്കാന്‍ ചുരുങ്ങിയത് 75 ലക്ഷം രൂപ വേണ്ടിവരുമെന്ന് കരാറുകാരന്‍ രവിസ്വാമി പറഞ്ഞു. നഗരസഭാ എന്‍ജിനീയര്‍ സിന്ധു, സൂപ്പര്‍വൈസര്‍ കിഷോര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഒരുവര്‍ഷംമുമ്പ് പുഴയിലെ കുളവാഴയും പുല്ലും അഴുകിയിരുന്നു. ഇതുമൂലം കുടിവെള്ളത്തിന് അരുചിയും ദുര്‍ഗന്ധവുമുണ്ടായി. അന്ന് കൂമ്പന്‍പാറമുതല്‍ പുഴപ്പാലംവരെയുള്ള ജലസ്രോതസ്സിലെ തടയണ തുറന്നുവിട്ടാണ് ദുഷിച്ച വെള്ളം കളഞ്ഞത്. ശേഷം മൂലത്തറയില്‍നിന്ന് വെള്ളംനിറയ്ക്കുകയായിരുന്നു. കഴിഞ്ഞാഴ്ച പാഞ്ചജന്യം ലൈബ്രറി പ്രവര്‍ത്തകരും അധ്യാപകരും വിദ്യാര്‍ഥികളും പുഴ വൃത്തിയാക്കലിന് ശ്രമംനടത്തി. തുഞ്ചന്‍ ഗുരുമഠത്തില്‍നിന്നാണ് വൃത്തിയാക്കല്‍ യജ്ഞം ആരംഭിച്ചത്. ഹെര്‍ബര്‍ട്ട് പാലംവരെ പുഴ വൃത്തിയാക്കല്‍ ദൗത്യം നടത്താനാണ് ലക്ഷ്യമെന്ന് പാഞ്ചജന്യം ലൈബ്രറി പ്രവര്‍ത്തകര്‍ പറഞ്ഞു. നഗരസഭയും വിവിധകൂട്ടായ്മയും എം.പി., എം.എല്‍.എ.മാരുടെ ഫണ്ടും ഉപയോഗിച്ചാല്‍ ചിറ്റൂര്‍പ്പുഴയെ സംരക്ഷിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറഞ്ഞു.