ചിറ്റൂര്‍: യുവത്വം മുന്നിട്ടിറങ്ങിയാല്‍ നടക്കാത്തതൊന്നുമില്ല. പാവങ്ങളുടെ കണ്ണീരൊപ്പാം, അവര്‍ക്കായി സ്‌നേഹത്തണല്‍ വിരിക്കാം. കഷ്ടതമാത്രം തെളിയുന്ന മുഖത്ത് പുഞ്ചിരി വിടര്‍ത്താം. അത് തെളിയിച്ചിരിക്കുകയാണ് ചിറ്റൂര്‍ കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍.

'വീടില്ലാത്തവര്‍ക്കൊരു വീട്' അഭയം പദ്ധതിയിലൂടെ തത്തമംഗലം പള്ളത്താമ്പുള്ളി സുകുമാരനും (രാജന്‍) കുടുംബത്തിനും വിദ്യാര്‍ഥികള്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ പണി പൂര്‍ത്തിയായി. മാര്‍ച്ച് 19-ന് ഗൃഹപ്രവേശനം നടത്തുമെന്ന് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്ന പ്രോഗ്രാം ഓഫീസര്‍മാരായ കെ. പ്രദീഷ്, സി. ജയന്തി എന്നിവര്‍ പറഞ്ഞു.

കഴിഞ്ഞ നാലുമാസം നീണ്ട കഠിനാദ്ധ്വാനത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ പണി പൂര്‍ത്തിയാക്കിയത്. ഒക്ടോബര്‍ രണ്ടിന് തറക്കല്ലിടുന്നതിനുമുമ്പുള്ള തറകീറല്‍മുതല്‍ കല്ലുകെട്ടല്‍, ചുവരുനിര്‍മാണസഹായം, കല്ലുകടത്തല്‍, വാര്‍ക്കപ്പണി സഹായം, പെയിന്റിങ്, വാതിലും ജനലും പിടിപ്പിക്കല്‍ തുടങ്ങിയവയെല്ലാം വിദ്യാര്‍ഥികള്‍തന്നെയാണ് ചെയ്തത്.

റോട്ടറി ക്ലബ്ബ് നല്‍കിയ 25 ചാക്ക് സിമന്റിനുള്ള ധനസഹായമൊഴിച്ചാല്‍ വീട് നിര്‍മിക്കാനാവശ്യമായ അഞ്ചുലക്ഷം രൂപയും ഇവര്‍തന്നെയാണ് സ്വരൂപിച്ചെടുത്തത്. വീടുകള്‍തോറും കയറിയിറങ്ങിയും, പഴയ പത്രങ്ങള്‍ സംഭരിച്ചുവിറ്റും, ഭക്ഷ്യമേളകളും കലാമത്സരങ്ങളും സംഘടിപ്പിച്ചുമായിരുന്നു ധനശേഖരണം.

ഓലക്കുടിലില്‍ കഴിഞ്ഞിരുന്ന സുകുമാരനും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന നിര്‍ധനകുടുംബം ഇപ്പോള്‍ വിഷുവിനുമുമ്പ് വാര്‍പ്പ് വീട്ടിലേക്ക് മാറുന്നതിന്റെ സന്തോഷത്തിലാണ്. സുകുമാരന്റെ വീട് കൂടാതെ കൊടുമ്പ് ചേപ്പിലംത്തിട്ട കണ്ടന്റെ കുടുംബത്തിനായുള്ള ഭവനനിര്‍മാണവും ചിറ്റൂര്‍ കോളേജിലെ എന്‍.എസ്.എസ്. സംഘം നടത്തിവരുന്നുണ്ട്. സെപ്റ്റംബര്‍ മാസത്തോടെ ഈ വീടിന്റെ പണിയും പൂര്‍ത്തിയാകും.

സാമൂഹികപ്രതിബദ്ധതയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ ആവേശത്തോടെ ഏറ്റെടുക്കുകയാണ് തങ്ങളെന്ന് വിദ്യാര്‍ഥിപ്രതിനിധികളായ സായ് പ്രശാന്ത്, എം.ബി. ഷാബിര്‍, എസ്. പ്രമോദ്, കെ. വൈഷ്ണ, വി. ഷിജില്‍, എസ്. സഞ്ജയ്, ആര്‍. ഷാനി, എം. ജെസ്‌ന തുടങ്ങിയവര്‍ പറയുന്നു.