ചിറ്റൂര്‍: ഗ്രാമീണജനതയുടെ സാംസ്‌കാരിക പാരമ്പര്യത്തിന് അറിവിന്റെ അക്ഷരദീപം ചൊരിയുകയാണ് ചിറ്റൂര്‍ ദേവികലാക്ഷേത്രം ഗ്രന്ഥശാല. പുസ്തകശേഖരണത്തില്‍ മാത്രമല്ല, നാടിന്റെ സാമൂഹിക, സാംസ്‌കാരിക പുരോഗതിക്കുള്ള വേദികൂടിയാണ് 50-ാം വയസ്സിലേക്ക് കടക്കുന്ന ഈ ഗ്രന്ഥശാല.

പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റാനൊരുങ്ങുന്ന തറക്കളത്തെ ഈ ഗ്രന്ഥശാല, 1968ല്‍ ആര്‍ട്‌സ് ക്ലബ്ബായാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാടകമുള്‍പ്പെടെയുള്ള കലാപ്രവര്‍ത്തനങ്ങളിലും, ഫുട്‌ബോളടക്കമുള്ള കായികയിനങ്ങളിലും ക്ലബ്ബ് മികവ് തെളിയിച്ചു. ക്ലബ്ബ് പ്രവര്‍ത്തനങ്ങളെ സാംസ്‌കാരികമായിക്കൂടി വളര്‍ത്തണമെന്ന ചിന്തയില്‍നിന്നാണ് ഗ്രന്ഥശാലയ്ക്ക് തുടക്കമിടുന്നത്.

നാടകരചയിതാവും ചിറ്റൂര്‍ മുന്‍സിഫ് കോടതി ഉദ്യോഗസ്ഥനുമായിരുന്ന എ. ബാലഗോപാലനും അന്നത്തെ സെക്രട്ടറിയായിരുന്ന എം. വാസുദേവനും ഇതിനായി മുന്നിട്ടിറങ്ങുകയുംചെയ്തു. വീടുകള്‍തോറും സന്ദര്‍ശിച്ച് ആയിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ചു. പിന്നീട് ചിറ്റൂര്‍ താലൂക്ക് ഗ്രന്ഥശാലാസംഘം സെക്രട്ടറിയായിരുന്ന സുബ്രഹ്മണ്യമുതലിയാരിന്റെ ശുപാര്‍ശയോടെ തമിഴ് യുവാക്കളുടെ കൂട്ടായ്മയില്‍ വടക്കത്തറയില്‍ പ്രവര്‍ത്തിച്ചിരുന്ന അറിവ് വളര്‍ച്ചി സംഘത്തിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി.

1974ല്‍ തറക്കളത്ത് മൂന്ന് സെന്റ് സ്ഥലം വാങ്ങി, മരവും കല്ലുംകൊണ്ട് നിര്‍മിച്ച കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റുമ്പോള്‍ ആകെയുണ്ടായിരുന്നത് 60 അംഗങ്ങള്‍. കാലക്രമേണ കെട്ടിടത്തിന്റെ മേല്‍ക്കൂര നവീകരിച്ചു.

ഇന്ന് 700ലധികം അംഗങ്ങളുള്ള ഗ്രന്ഥശാലയില്‍ മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളിലായി 8515 പുസ്തകങ്ങളുണ്ട്. വൈകീട്ട് 4.30 മുതല്‍ 7.30വരെ പുസ്തകസ്‌നേഹികള്‍ ഇവിടേക്കെത്തും. 42 വര്‍ഷക്കാലം സെക്രട്ടറിയായും ഇന്നും സജീവപ്രവര്‍ത്തകനായും നിലകൊള്ളുന്ന സ്ഥാപകന്‍ എം. വാസുദേവനാണ് ഇന്ന് ഗ്രന്ഥശാലയുടെ കാരണവര്‍. വായനക്കുള്ള ഇടംമാത്രമല്ല കേന്ദ്രം. നോവല്‍ ചര്‍ച്ച, ഊര്‍ജസംരക്ഷണ സെമിനാര്‍, ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍, ശാസ്ത്രീയ പശുപരിപാലനം, വൃക്ഷത്തൈ വിതരണം, കുട്ടികള്‍ക്കുള്ള ചിത്രരചനാ ക്യാമ്പ് തുടങ്ങിയവയും ഗ്രന്ഥശാലയ്ക്ക് കീഴില്‍ നടത്തുന്നുണ്ട്. 60 കഴിഞ്ഞ വയോജനങ്ങളുടെ സംഗമത്തിനുള്ള വേദിയായി ചിറ്റൂര്‍ താലൂക്കില്‍ ഗ്രന്ഥശാലാസംഘം തിരഞ്ഞെടുത്ത ഏക ഗ്രന്ഥശാലയും ദേവികലാക്ഷേത്രമാണ്.

അംഗങ്ങളും പുസ്തകങ്ങളും കൂടിയതിനാല്‍ തറക്കളത്തുതന്നെ പുതിയ കെട്ടിടമൊരുക്കി മുഖംമിനുക്കാനൊരുങ്ങുയാണ് ഗ്രന്ഥശാല. എം.പി. ഫണ്ടില്‍നിന്നും 12 ലക്ഷം രൂപമുടക്കി 1000 ചതുരശ്രയടി വിസ്തീര്‍ണ്ണത്തിലാണ് പുതിയ കെട്ടിടം പണിയുക. ഇതിന്റെ ഉദ്ഘാടനം പി.കെ. ബിജു എം.പി. നിര്‍വഹിച്ചു. പണിനടക്കുന്നതുമൂലം മുന്‍കെട്ടിടത്തിന് സമീപം വാടകക്കെട്ടിടത്തിലാണ് ഇപ്പോള്‍ ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം. നിലവില്‍ എന്‍.കെ. ബാലചന്ദ്രന്‍ പ്രസിഡന്റും, പി.എം. ബിജു സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയ്ക്ക് 11 അംഗ കമ്മിറ്റിയുമുണ്ട്. നാടിന് വെളിച്ചം പകര്‍ന്ന ലൈബ്രറിക്ക് 2013ല്‍ കോമ്പുക്കുട്ടിമേനോന്‍ സ്മാരക ഗ്രന്ഥാലയത്തിന്റെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.