ചിറ്റൂര്‍: മുതലമട അംബേദ്കര്‍ കോളനിയിലെ വീടില്ലാത്തയാള്‍ക്ക് സുരേഷ് ഗോപി എം.പി. സ്വന്തംചെലവില്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ കട്ടിളവെപ്പ് നടത്തി. തിങ്കളാഴ്ച രാവിലെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, പാര്‍ട്ടി ദേശീയ നിര്‍വാഹകസമിതിയംഗം പി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ ചേര്‍ന്നാണ് കട്ടിളവെപ്പ് നിര്‍വഹിച്ചത്. അംബേദ്കര്‍ കോളനിയിലെ വീരന്റെ കുടുംബത്തിനായാണ് വീട് നിര്‍മിച്ചുനല്‍കുന്നത്.

ജാതീയവിവേചന വിവാദം നിലനിന്ന മുതലമട അംബേദ്കര്‍ കോളനിയെ പത്തുമാസംമുമ്പ് മാതൃകാഗ്രാമമാക്കുമെന്ന് ബി.ജെ.പി. പ്രഖ്യാപിച്ചിരുന്നു. അതിന്റെഭാഗമായി ബി.ജെ.പി.യും എന്‍.ആര്‍.ഐ. സെല്ലും ചേര്‍ന്ന് നിര്‍മിച്ചുനല്‍കുന്ന ആറ് വീടുകള്‍ കൂടാതെ താനും സ്വന്തം ചെലവില്‍ ഒരു കുടുംബത്തിന് വീടുവെച്ച് നല്‍കുമെന്ന് കോളനി സന്ദര്‍ശിച്ച സുരേഷ് ഗോപി പറഞ്ഞിരുന്നു.

മനുഷ്യത്വത്തിന് വിലനല്‍കാത്ത ഭരണമുള്ള കേരളത്തില്‍ മാനുഷികമൂല്യങ്ങളോടുള്ള കടപ്പാട് വ്യക്തമാക്കുന്നതാണ് സുരേഷ്‌ഗോപിയുടെ പ്രവൃത്തിയെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബി.ജെ.പി. മുതലമട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.സി. ശിവദാസന്‍ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാപ്രസിഡന്റ് ഇ. കൃഷ്ണദാസ്, ജനറല്‍ സെക്രട്ടറി കെ.ജി. പ്രദീപ്കുമാര്‍, മണ്ഡലം പ്രസിഡന്റ് കെ. വേണു തുടങ്ങിയവര്‍ പങ്കെടുത്തു.