ചെത്തല്ലൂര്‍: റബ്ബര്‍ ടാപ്പിങ്ങിന് ആളെ കിട്ടാത്ത പ്രശ്‌നത്തിന് പരിഹാരമായി സ്ത്രീകള്‍ക്കും ടാപ്പിങ്ങില്‍ പരിശീലനം നല്‍കുന്നു. കുടുംബശ്രീ മുഖേനയാണ് റബ്ബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നത്.

സംസ്ഥാനത്തെ 15 മേഖല ഓഫീസുകള്‍ക്ക് കീഴിലാണ് കുടുംബശ്രീയുമായി സഹകരിച്ച് സ്ത്രീകള്‍ക്ക് റബര്‍ ടാപ്പിങ് പരിശീലനം നല്‍കുന്നത്. തിരഞ്ഞെടുത്ത പഞ്ചായത്തുകളിലാണ് പരിശീലനം.

പരിശീലനത്തിന്റെ ഭാഗമായി ആഴ്ചയിലൊരു ദിവസം പഠനയാത്രയുമുണ്ട്. റബ്ബര്‍ വെട്ടിനായി സാധാരണ ഉപയോഗിക്കുന്ന നീളന്‍ കത്തിക്ക് പകരം പ്രത്യേക ജെബോങ് മലയന്‍ വലിക്കത്തിയാണ് ഉപയോഗിക്കുന്നത്.

റബ്ബര്‍ വെട്ടിനുപുറമേ റെയിന്‍ ഗാര്‍ഡ്, വളം ചേര്‍ക്കല്‍, മരുന്നുതെളിക്കല്‍, സംസ്‌കരണം, ഷീറ്റാക്കല്‍ ഉള്‍പ്പെടെ അനുബന്ധകാര്യങ്ങളും പഠിപ്പിക്കും. തേനീച്ചവളര്‍ത്തല്‍, മൃഗസംരക്ഷണം എന്നിവയിലും ഇതോടൊപ്പം പരിശീലനം നല്‍കും. പരിശീലനത്തിനായി കുടുംബശ്രീ 61,500 രൂപയും റബ്ബര്‍ബോര്‍ഡ് 31,500 രൂപയുമാണ് അനുവദിച്ചതെന്ന് റബ്ബര്‍ ബോര്‍ഡിലെ അസി. ഡെവലപ്‌മെന്റ് ഓഫീസര്‍ മധു, ജോര്‍ജ് ജോസഫ്, റബ്ബര്‍ ഉത്പാദകസംഘം പ്രസിഡന്റ് എം.കെ. രാമകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.

റബ്ബര്‍ ബോര്‍ഡ് മണ്ണാര്‍ക്കാട് മേഖല കാര്യാലയത്തിലെ ഉദ്യോഗസ്ഥരാണ് പരിശീലകര്‍.

ജില്ലയില്‍ രണ്ടിടത്ത് പരിശീലനം

ജില്ലയില്‍ കുത്തനൂര്‍, തച്ചനാട്ടുകര പഞ്ചായത്തിലെ ചെത്തല്ലൂര്‍ എന്നീ രണ്ട് സ്ഥലങ്ങളിലാണ് പരിശീലനം നടക്കുന്നത്.

ഗ്രാമപ്പഞ്ചായത്തിലെ വിവിധ കുടുംബശ്രീകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 പേര്‍ക്കാണ് ചെത്തല്ലൂര്‍ ആനക്കുഴി കറുത്തേടത്ത് മന രാജന്‍ നമ്പൂതിരിയുടെ റബ്ബര്‍ തോട്ടത്തില്‍ പരിശീലനം.

പാലക്കാട് കുടുംബശ്രീ മിഷന്‍, മണ്ണാര്‍ക്കാട് റബ്ബര്‍ ബോര്‍ഡ്, തച്ചനാട്ടുകര ഗ്രാമപ്പഞ്ചായത്ത്, ചെത്തല്ലൂര്‍ റബ്ബര്‍ ഉത്പാദകസംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രൂപവത്കരിച്ച ഗ്രാമശ്രീ തൊഴില്‍സേനക്ക് 30 പ്രവൃത്തിദിവസമാണ് പരിശീലനം പൂര്‍ത്തിയാക്കാനുള്ളത്.