ചെത്തല്ലൂര്‍: പൂവത്താണി-ചെത്തല്ലൂര്‍-മുറിയങ്കണ്ണിക്കടവ് റോഡിലെ പൂവത്താണി ആലിപ്പറമ്പ് റോഡിലേക്ക് പോകുന്ന ഭാഗം തകര്‍ന്നതോടെ യാത്രക്കാര്‍ ദുരിതത്തില്‍. റോഡില്‍ നിറയെ വലിയ കുഴികളായിട്ടുണ്ട്. മഴയില്‍ കുഴികളില്‍ വെള്ളം നിറഞ്ഞതിനാല്‍ ഇരുചക്രവാഹന യാത്രയും കാല്‍നടയാത്രയും ദുസ്സഹമായി.

മഴ നീങ്ങിയാല്‍ നന്നാക്കുമെന്നുള്ള പ്രതീക്ഷ നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. അപകടം പതിവായിട്ടും കുഴികളില്‍ ക്വാറി വേസ്റ്റ് ഇടാനും അധികൃതര്‍ തയ്യാറായില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.

കാമ്പ്രം, ആലിപ്പറമ്പ്, ചെത്തല്ലൂര്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഇതിനാല്‍ ദുരിതത്തിലാണ്. പൂവത്താണി ഭാഗത്തെ തകര്‍ന്നഭാഗം വീതിക്കുറവും വളവും കൂടിയാകുമ്പോള്‍ അപകടത്തിന് കാരണമാകുന്നു സമീപത്തെ സ്‌കൂള്‍ വിട്ടാല്‍ നിരവധി കുട്ടികള്‍ ഇതിലൂടെ കയറിവേണം നടന്നുപോകാന്‍.

കാല്‍നടയാത്രക്കാരും പ്രയാസത്തിലാണ്. മതിയായ രീതിയില്‍ അഴുക്കുചാലില്ലാത്തതുകാരണം മഴവെള്ളം ദിവസങ്ങളോളം കെട്ടിനില്‍ക്കുന്നു. തകര്‍ന്നഭാഗം എത്രയും പെട്ടെന്ന് നന്നാക്കണമെന്നാണ് ആവശ്യം.