ചെര്‍പ്പുളശ്ശേരി: പുത്തനാല്‍ക്കല്‍ ഭഗവതിക്ഷേത്രസന്നിധിക്ക് തൃക്കാര്‍ത്തികവിളക്കുത്സവഭാഗമായി നടത്തിയ ലക്ഷദീപസമര്‍പ്പണത്തിന്റെ നിറശ്ശോഭ.

ശനിയാഴ്ച സന്ധ്യയ്ക്ക് ക്ഷേത്രം തന്ത്രി അണ്ടലാടി മനയ്ക്കല്‍ ഉണ്ണി നമ്പൂതിരിപ്പാട്, മേല്‍ശാന്തിമാരായ അഷ്ടമൂര്‍ത്തി നമ്പൂതിരി, ടി.എം. നാരായണന്‍ നമ്പൂതിരി, അകത്തേക്കുന്നത്ത് മനയ്ക്കല്‍ കൃഷ്ണന്‍ നമ്പൂതിരി, പാരമ്പര്യട്രസ്റ്റി മോഴികുന്നത്ത് ദാമോദരന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് ഏരിയ കമ്മിറ്റിയംഗം ഒ. രാമു, മുന്‍ ഏരിയ അംഗം വി.കെ.പി. വിജയനുണ്ണി, നഗരസഭാധ്യക്ഷ ശ്രീലജ വാഴക്കുന്നത്ത്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരികള്‍ തെളിയിച്ചതോടെയാണ് ലക്ഷദീപസമര്‍പ്പണമാരംഭിച്ചത്.

ക്ഷേത്രസന്നിധിയിലും കിഴക്കേപ്പറമ്പിലുമായി സജ്ജമാക്കിയ ചെരാതുകളില്‍ തിരികള്‍ തെളിയിച്ച് ആയിരങ്ങള്‍ ദീപസമര്‍പ്പണത്തില്‍ പങ്കാളികളായി. നിറമാലയും വിശേഷാല്‍ പൂജകളുമുണ്ടായി.

പുത്തനാല്‍ക്കല്‍ ഭഗവതിക്ഷേത്രത്തില്‍ ഇതാദ്യമായാണ് കാര്‍ത്തികവിളക്കുത്സവത്തിന്റെ ഭാഗമായി ലക്ഷദീപസമര്‍പ്പണം. കമ്മിറ്റിഭാരവാഹികളായ കെ.കെ. ഗണേശന്‍, വി. ഉണ്ണിക്കൃഷ്ണന്‍, എം. ദീനാക്ഷന്‍, ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. ശിവശങ്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.