പാലക്കാട്: ദേശീയ-സംസ്ഥാന പാതയോരത്തുനിന്ന് മദ്യശാലകള്‍ മാറ്റണമെന്ന കോടതിവിധി നടപ്പാക്കുമ്പോള്‍ ജില്ലയില്‍ 200ഓളം മദ്യക്കടകള്‍ക്ക് സ്ഥാനചലനം ഉണ്ടാകും. ഇതില്‍ 156 കള്ളുഷാപ്പുകളാണ്. 32 ബിയര്‍ പാര്‍ലറുകളും 12 വിദേശമദ്യക്കടകളും പാലക്കാട് നഗരത്തിനടുത്തുള്ള ഒരു സ്വകാര്യ ക്‌ളബ്ബും മാറ്റേണ്ടിവരും.

ഇവ പ്രധാന പാതയോരത്തുനിന്ന് 500മീറ്റര്‍ മാറ്റണമെന്നാണ് വിധി. ഇതില്‍ ചില മദ്യശാലകള്‍ മാറ്റിത്തുടങ്ങി. ഒലവക്കോട് താണാവിലെ കെ.എസ്.ബി.സി.യുടെ മദ്യശാല നഗരത്തില്‍ ടൗണ്‍ ബസ്റ്റാന്‍ഡിനടുത്തുള്ള മംഗളം ടവറിലേക്ക് മാറ്റി. വാളയാറില്‍ കെ.ടി.ഡി.സി.യുടെ ബിയര്‍പാര്‍ലര്‍ വ്യവസായമേഖലയിലേക്ക് മാറ്റും. ഇവിടെ കെട്ടിടം കണ്ടെത്തി. കൊടുവായൂരിലേത് എത്തനൂരിലേക്ക് മാറ്റി.

മിക്ക മദ്യശാലകളും മാറ്റാന്‍ സ്ഥലമില്ലാതെ അധികൃതര്‍ നട്ടംതിരിയുകയാണ്. സ്ഥലം കണ്ടെത്തുന്നിടത്ത് നാട്ടുകാരുടെ ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടിവരുന്നത്. മിക്കയിടത്തും ജനകീയകമ്മിറ്റികള്‍ രൂപവത്കരിച്ചു.

കരിമ്പ പഞ്ചായത്തിലെ കല്ലടിക്കോട്ടനുവദിച്ച വില്പനശാലയാണ് തച്ചമ്പാറയിലേത്. സമീപപ്രദേശങ്ങളിലേക്ക് മാറ്റാന്‍ ശ്രമം തുടങ്ങിയെങ്കിലും നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അധികാരികള്‍ വിഷമത്തിലായി. കാഞ്ഞിരപ്പുഴ ഡാമിന്റെ സമീപത്തെ സ്വകാര്യ കെട്ടിടത്തില്‍ ആരംഭിക്കാനുള്ള നീക്കവും ഇത്തരത്തില്‍ ഉപേക്ഷിക്കേണ്ടിവന്നു. തച്ചമ്പാറയിലും മുതുകുറുശ്ശിയിലും പാറക്കാലും പുതുക്കാടും മാറ്റിസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.

കുളപ്പുള്ളിയിലെ വിദേശമദ്യവില്പനശാല ഷൊര്‍ണൂര്‍ തെക്കേറോഡിലെ സ്വകാര്യകെട്ടിടത്തിലേക്ക് മാറ്റി ബുധനാഴ്ചമുതല്‍ പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പ്രതിഷേധവുമായി നാട്ടുകാരെത്തുകയായിരുന്നു. സമീപവാസികളുടെ അനുമതിപത്രമില്ലാതെയാണ് മദ്യവില്പനശാല പ്രവര്‍ത്തനം തുടങ്ങിയതെന്നാണ് പ്രതിഷേധക്കാരുടെ പരാതി. ശനീശ്വരന്‍ അമ്പലം, ഗണേശ്ഗിരി സ്‌കൂളിലേക്കുള്ള വഴി, ആസ്​പത്രി എന്നിവയെല്ലാം മദ്യവില്പനശാല തുടങ്ങിയ സ്ഥലത്തുണ്ടെന്നും ഇവര്‍ പറഞ്ഞു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ എസ്. കൃഷ്ണദാസുള്‍െപ്പടെയുള്ളവരെത്തിയാണ് പ്രവര്‍ത്തനം തടഞ്ഞത്.

ആലത്തൂരിലെ ബിവറേജസിന്റെ മദ്യശാല ദേശീയപാത കിണ്ടിമുക്കില്‍നിന്ന് കുനിശ്ശേരി നരിപ്പറ്റയിലേക്ക് മാറ്റാനുള്ള നീക്കവും നാട്ടുകാര്‍ തടഞ്ഞു. കുനിശ്ശേരിയില്‍ മദ്യശാല വേണമെന്നാവശ്യപ്പെട്ടും പ്രകടനമുണ്ടായി.