നല്‍കാനുള്ളത് 13379400 രൂപ
പാലക്കാട്:
ജില്ലയിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള ഓണറേറിയം ഇനിയും ലഭിച്ചില്ലെന്ന് പരാതി. 2016 ഏപ്രില്‍ മുതല്‍ 2017 ഏപ്രില്‍വരെയുള്ള ഓണറേറിയമാണ് ലഭിക്കാനുള്ളത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ബൂത്തിലെ എല്ലാ ചുമതലകളുമുള്ള വ്യക്തിയാണ് ബി.എല്‍.ഒ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ത്തവരുടെ പരിശോധന, വോട്ടേഴ്‌സ് സ്ലിപ്പ് നല്‍കല്‍, വോട്ടര്‍പ്പട്ടികയില്‍നിന്ന് മരിച്ചവരുടെ പേര്‍ വെട്ടിമാറ്റല്‍, വോട്ടുചെയ്യാന്‍ യോഗ്യതയുള്ളവരെ നിര്‍ബന്ധമായും വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയവയെല്ലാം ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ ചുമതലയാണ്.

ടെലിഫോണ്‍ അലവന്‍സടക്കം 600 രൂപയാണ് ഒരുമാസത്തില്‍ ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് ലഭിക്കാനുള്ളത്. ഇത്തരത്തില്‍ ഒരുവര്‍ഷത്തേക്കുള്ള 7200 രൂപയാണ് ബി.എല്‍.ഒ. മാര്‍ക്ക് ലഭിക്കാനുള്ളത്. ഓണത്തിനുമുമ്പു തന്നെ ഇത് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍.

ഇലക്ഷന്‍വകുപ്പ് എല്ലാ ജില്ലകളിലെയും ബി.എല്‍.ഒ. മാര്‍ക്കുള്ള അലവന്‍സ് തുക അതത് ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍ക്ക് 2017 ഓഗസ്റ്റ് 25ന് അനുവദിച്ചിരുന്നു. 16,35,42,600 രൂപയാണ് 14 ജില്ലകളിലേക്കുമായി അനുവദിച്ചത്.

പാലക്കാട് ജില്ലയിലെ 2,042 ഓളം ബി.എല്‍.ഒ. മാര്‍ക്കായി അലവന്‍സ് തുകയിനത്തില്‍ 1,33,79,400 രൂപയും അനുവദിച്ചിരുന്നു, ജില്ലയില്‍ ഇത് ഇനിയും നല്‍കിത്തുടങ്ങിയിട്ടില്ലെന്ന് ബി.എല്‍.ഒ. മാര്‍ പറയുന്നു.

എന്നാല്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കുള്ള ഓണറേറിയം അതത് ഇ.ആര്‍.ഒ. (ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍) മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഇനി തുക നല്‍കുന്നതിനുള്ള നടപടി അവരാണ് സ്വീകരിക്കേണ്ടതെന്നും പാലക്കാട് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.