ആനക്കര: വീണ്ടും ഗിന്നസ് തിളക്കത്തിലേക്ക് ആനക്കര സെയ്തലവി. ശിഷ്യന്‍ കൊരട്ടിപ്പറമ്പില്‍ ഗിരീഷിന്റെ വയറിനുമുകളില്‍ നാല് കിലോഗ്രാമിലധികം തൂക്കമുള്ള 56 തണ്ണിമത്തന്‍ 57 സെക്കന്‍ഡില്‍ മൂര്‍ച്ചയേറിയ വാളുകൊണ്ട് വെട്ടിയാണ് ഇത്തവണ ഗിന്നസ് ലോകറെക്കോഡിട്ടത്. കുമ്പിടിയിലെ നാസ് ഓഡിറ്റേറിയത്തിലാണ് പ്രകടനം നടന്നത്.

പ്രകടനത്തിന്റെ വീഡിയോ, സി.ഡി.കള്‍, ഫോട്ടോകള്‍ എന്നിവയടക്കം ഗിന്നസ് അധികൃതര്‍ക്ക് സമര്‍പ്പിക്കും. മൂന്നുമാസം കഴിഞ്ഞാണ് ഔദ്യോഗികപ്രഖ്യാപനം വരിക. സെയ്തലവിയുടെ റൊക്കോഡ് പ്രകടനത്തിന് ഷാജി ഒതളൂര്‍ നേതൃത്വംനല്‍കി.

32 വര്‍ഷമായി ആയോധനകലകള്‍ അഭ്യസിക്കുന്ന ആളാണ് സെയ്തലവി. കരാട്ടെയില്‍ ബ്‌ളാക്ക് ബെല്‍ട്ടുമുണ്ട്. 2006 ഏപ്രില്‍ 24-ന് ആണിക്കിടക്കയില്‍ കിടന്നുകൊണ്ട് ഗിന്നസ് റെക്കോഡ് സമ്പാദിച്ചിട്ടുണ്ട്. മറ്റ് 12 റെക്കോഡുമുണ്ട്. ആയോധനകലാ പരിശീലകന്‍ കൂടിയാണ്.

വി.ടി. ബല്‍റാം എം.എല്‍.എ., ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജ്, കിന്‍ഫ്ര സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.പി. ജയരാജന്‍, ഡോ. സുനില്‍കുമാര്‍, പി.എം. അസീസ്, കെ.പി. മുഹമ്മദ്, ലോക റെക്കോഡ് ജേതാക്കള്‍, പോലീസടക്കമുള്ള ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകടനം.