അഗളി: കേരളത്തിലെ പ്രമുഖ ശിവക്ഷേത്രങ്ങളിലൊന്നായ ചെമ്മണ്ണൂര്‍ മല്ലീശ്വരക്ഷേത്രം ശിവരാത്രിയെ വരവേല്‍ക്കാനായി തയ്യാറായി. അട്ടപ്പാടിയിലെ ആദിവാസി ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് വ്യത്യസ്തമാണ് ഇവിടത്തെ ശിവരാത്രി ഉത്സവം.

വ്യാഴാഴ്ച ഏഴുമണിക്കാണ് കൊടിയേറ്റം. ശിവരാത്രിദിനമായ വെള്ളിയാഴ്ച ഏഴുമണിക്ക് പ്രഭാതപൂജയെത്തുടര്‍ന്ന് മലപൂജാരികളെ ക്ഷേത്രത്തില്‍നിന്ന് ഭവാനി പുഴയിലേക്ക് ആനയിക്കും. രണ്ടുമണിക്ക്, താവളം വെള്ളിവിനായക ക്ഷേത്രത്തില്‍നിന്ന് ക്ഷേത്രത്തിലേക്ക് ഘോഷയാത്രയുണ്ടാകും. 6.30ന് മല്ലീശ്വരമലയില്‍ ജ്യോതിദര്‍ശനം, ഏഴുമണിമുതല്‍ ഭക്തിപ്രഭാഷണം, തുടര്‍ന്ന് വിശേഷാല്‍ പൂജകള്‍ എന്നിവ നടക്കും.

ശനിയാഴ്ച രാവിലെ പ്രഭാതപൂജയുണ്ടാകും. 12 മണിക്ക് മലപൂജാരികളെ ഭവാനിപ്പുഴയുടെ തീരത്തുനിന്ന് ക്ഷേത്രത്തിലേക്ക് ആനയിക്കും. സമാപനദിവസമായ ഞായറാഴ്ച വൈകീട്ട് ആറ് മണിക്കാണ് കൊടിയിറക്കം. ഉത്സവത്തോടനുബന്ധിച്ച് വെള്ളിയാഴ്ച രാത്രി പരമ്പരാഗത ആദിവാസികലാരൂപങ്ങളുടെ അവതരണവും ശനിയാഴ്ച രാത്രി ഗാനമേളയും നാടകവും ഉണ്ടായിരിക്കുമെന്നും ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ഈശ്വരന്‍, സെക്രട്ടറി ചന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.