അഗളി: കാടിറങ്ങുന്ന കാട്ടാനകളെ പ്രതിരോധിക്കാനുള്ള സംവിധാനം പരാജയപ്പെടുന്നു. അട്ടപ്പാടിയില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥയാകുന്നു. ഷോളയൂര്‍ പഞ്ചായത്തിലെ വരഗംപാടി, ഗോഞ്ചിയൂര്‍, വെച്ചപ്പതി, മൂലഗംഗല്‍ എന്നിവിടങ്ങളിലാണ് കാട്ടാനശല്യം ഏറ്റവും രൂക്ഷം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലുവീടുകളാണ് ഇവിടെ ആന തകര്‍ത്തത്.

തമിഴ്‌നാട് ഭാഗത്തെ വനത്തില്‍നിന്നിറങ്ങുന്ന മോഴയാനയാണ് ഇവിടെ അക്രമണം നടത്തുന്നത്. വ്യാഴാഴ്ച കാടിറങ്ങിയ ആന വരഗംപാടി ഊരില്‍ രങ്കന്റെ വീട് ഭാഗികമായി തകര്‍ത്തു. വീടിന് മുന്നിലും പിന്നിലുമുള്ള ഷെഡ്ഡുകളും ജനലും വാതിലുമാണ് ആന തകര്‍ത്തത്. സംഭവസമയം ഇവര്‍ ബന്ധുവീട്ടിലായതിനാലാണ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്.

ബുധനാഴ്ചരാത്രി വെച്ചപ്പതി ഊരില്‍ നഞ്ചിയുടെവീട് ആന പൂര്‍ണമായും തകര്‍ത്തിരുന്നു. താത്കാലിക മറകെട്ടി ഈ കുടുംബം ഇപ്പോഴും ഇവിടെത്തന്നെയാണ് താമസിക്കുന്നത്. അട്ടപ്പാടിയിലെ ചാവടിയൂര്‍, മുള്ളി, മൂച്ചിക്കടവ്, ഗുഡ്ഢയൂര്‍, പല്ലിയറ, നെല്ലിപ്പതി, കാരറ എന്നിവടങ്ങളിലും ആനശല്യം രൂക്ഷമാണ്. നാലാനകളടങ്ങുന്ന കൂട്ടമാണ് ഇവിടെ ആക്രമണം നടത്തുന്നത്. ഒരേസമയം പല സ്ഥലങ്ങളില്‍ കാട്ടാനകളെത്തുന്നത് വനംവകുപ്പ് ഉദ്യോഗസ്ഥരെയും വലയ്ക്കുന്നു. അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് ഈശ്വരി രേശന്‍, ബ്ലോക്ക് പഞ്ചായത്തംഗം പ്രജാനാരായണന്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രത്തിനാ രാമമൂര്‍ത്തി, വൈസ് പ്രസിഡന്റ് ഡി. രവി, വനംവകുപ്പ് അഗളി റേഞ്ച് ഓഫീസര്‍ സി. രാജേഷ്, ഡെപ്യൂട്ടി റെയ്ഞ്ചര്‍ എം. രമേശ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

ദ്രുതകര്‍മസേനയെ നിയോഗിച്ചു

ആനശല്യം രൂക്ഷമായതോടെ മണ്ണാര്‍ക്കാട്ടുനിന്നുള്ള പ്രത്യേക ദ്രുതകര്‍മസേനാവിഭാഗത്തെയും കൂടുതല്‍ ഉദ്യോഗസ്ഥരെയും പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് മുഴുവന്‍സമയവും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്.

- വി.പി. ജയപ്രകാശ്,

ഡി.എഫ്.ഒ.