അഗളി: ആനക്കട്ടിയില്‍ പാചകവാതക സിലിന്‍ഡര്‍ പൊട്ടിത്തെറിച്ച് ഹോട്ടല്‍ കത്തിനശിച്ചു. ഞായറാഴ്ച പൂലര്‍ച്ചെ ആറ് മണിയോടെയാണ് ആനക്കട്ടി ബസ്സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള ബിസ്മി ഹോട്ടലിന് തീപിടിച്ചത്. ആളപായമില്ല. തീപ്പിടിത്തത്തില്‍ രണ്ട് മുറി പൂര്‍ണമായി കത്തിനശിച്ചു.

ആനക്കട്ടി കുറ്റിക്കാട്ടില്‍ സിദ്ദിഖിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടല്‍. ഹോട്ടലിനോട് ചേര്‍ന്നുള്ള മുറികളിലാണ് സിദ്ദിഖും കുടുംബവും താമസിക്കുന്നത്. രാവിലെ പാചകപ്പുരയിലെ സിലിണ്ടര്‍ മാറ്റി പുതിയത് സ്ഥാപിക്കുന്നതിടെയാണ് അപകടം. സംഭവസമയം സിദ്ദിഖിനെക്കൂടാതെ ഭാര്യ ആയിഷയും രണ്ട് മക്കളും ഉണ്ടായിരുന്നു. തീ പടര്‍ന്നതോടെ ഇവര്‍ പുറത്തേക്ക് ഓടിമാറി.

സ്ഥലത്തെത്തിയ പ്രദേശവാസികളുടെ ഇടപെടല്‍മൂലമാണ് തീപ്പിടിത്തത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗൃഹോപകരണങ്ങള്‍, സ്വര്‍ണാഭരണം, മൊബൈല്‍ ഫോണുകള്‍ എന്നിവയും കത്തി നശിച്ചു. ഷോളയൂര്‍ എസ്.ഐ. ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി.