അഗളി: മുന്നോട്ടുള്ള ജീവിതത്തെപ്പറ്റി ഇനിയൊന്നുമറിയില്ല. കുത്തിയൊലിച്ചുവന്ന മഴവെള്ളപ്പാച്ചിലില്‍ എല്ലാം ഒരുനിമിഷംകൊണ്ട് ഇല്ലാതായെന്ന് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല അട്ടപ്പാടിയിലെ ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന ഓരോമുഖങ്ങള്‍ക്കും. വീട് പൂര്‍ണമായി നശിച്ചവര്‍, ഭാഗികമായി നശിച്ചവര്‍, കൃഷി, കന്നുകാലികള്‍, മറ്റുസമ്പാദ്യങ്ങള്‍ നശിച്ചവര്‍ അങ്ങനെ 150 ലധികം ആളുകളാണ് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലുമായി താമസിക്കുന്നത്.

ഒരായുസ്സുമുഴുവന്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ സമ്പാദ്യമാണ് കണ്ണടച്ചുതുറക്കുംമുന്‍പേ ഇല്ലാതായത്. ഇനിയെത്ര ശ്രമിച്ചാലും അതൊന്നും ഉണ്ടാക്കാന്‍ സാധിക്കില്ല-ഞായറാഴ്ച വണ്ടന്‍പാറയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സ്ഥലവും വീടുമടക്കം ഒലിച്ചുപോയ ഔസേപ്പ് പറഞ്ഞു. സംഭവസമയം ലോട്ടറിക്കച്ചവടക്കാരനായ ഇയാളും കുടുംബവും വീടിനുള്ളിലായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്.

ഉരുള്‍പൊട്ടലുണ്ടായ വണ്ടന്‍പാറ, ചോലക്കാട് ഭാഗത്തുനിന്നുള്ളവരെ കക്കുപടി ഗവ. യു.പി. സ്‌കൂളിലും ആനക്കൊമ്പ് ഊരില്‍നിന്നുള്ളവരെ ഐ.ടി.ഡി.പി.യുടെ കാവുണ്ടിക്കല്‍ ആശ്രമത്തിലുമാണ് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്. മേഖലയില്‍ വൈദ്യുതിയില്ലാത്തത് ക്യാമ്പുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ഇതുമറികടക്കാന്‍ ക്യാമ്പുകളില്‍ തിങ്കളാഴ്ച വൈകീട്ടോടെ ജനറേറ്റര്‍സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം നിരവധിയാളുകള്‍ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. വന്നെത്തുന്ന എല്ലാവരോടും ദുരന്തമുഖത്ത് തങ്ങള്‍ക്ക് നഷ്ടപ്പെട്ടവ ഇവിടെയുള്ളവര്‍ പറയും, വിലപിക്കും. മുന്നോട്ടുള്ള ജീവിതത്തിന് ഒരു കൈതാങ്ങേകുമെന്ന പ്രതീക്ഷയോടെ...