കൊല്ലങ്കോട്: ശബരിമല ക്ഷേത്രസന്നിധിയില്‍ ഞായറാഴ്ച നടക്കുന്ന നിറപുത്തരിയുത്സവത്തിനുള്ള കതിര്‍ക്കറ്റകള്‍ കൊല്ലങ്കോട്ടെ ചുട്ടിച്ചിറപ്പാടത്തുനിന്ന്. ശബരിമലയ്ക്കുപുറമേ ഗുരുവായൂരുള്‍പ്പെടെ വിവിധഭാഗങ്ങളിലുള്ള ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങള്‍ക്കും നിറയുത്സവത്തിനുള്ള കതിര്‍ക്കറ്റകള്‍ ചുട്ടിച്ചിറപ്പാടത്തുനിന്ന് ഈവര്‍ഷവും കൊണ്ടുപോകുന്നുണ്ട്.
 
രാവിലെ ഒന്‍പതിനും പത്തിനുമിടയ്ക്കുള്ള മുഹൂര്‍ത്തത്തിലാണ് നെന്മേനിയിലെ കര്‍ഷകനും അയ്യപ്പസേവാസംഘം പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റെ കൃഷിയിടത്തില്‍ പുത്തരിക്കൊയ്ത്ത്. കൊയ്ത്തിന് ശബരിമല മുന്‍മേല്‍ശാന്തി ദാമോദരന്‍പോറ്റി, പങ്കജാക്ഷ ഗുരുസ്വാമി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. വെള്ളിയാഴ്ച രണ്ടുമണിയോടെ 201 കതിര്‍ക്കറ്റകളുമായി 85 അംഗ അയ്യപ്പഭക്തസംഘമാണ് ശബരിമലയ്ക്ക് യാത്രതിരിക്കുന്നത്.
 
ശനിയാഴ്ച വൈകീട്ട് ഇരുമുടിക്കെട്ടും കതിര്‍ക്കറ്റകളുമായി മലകയറുന്ന ഭക്തസംഘം സന്നിധാനത്തെത്തി മേല്‍ശാന്തിക്ക് കതിര്‍ക്കറ്റകള്‍ കൈമാറും. 30ന് അതിരാവിലെ നടക്കുന്ന നിറയുത്സവത്തിലും ഉച്ചയ്ക്കുള്ള പുത്തരിസദ്യയിലും പങ്കെടുക്കുന്ന സംഘം വൈകീട്ട് പടിപൂജ കഴിഞ്ഞാണ് മടങ്ങുക. കുളികഴിഞ്ഞ് ഈറനുടുത്ത് വ്രതശുദ്ധിയോടെ തൊഴിലാളികള്‍ അരിഞ്ഞെടുക്കുന്ന കതിര്‍ക്കറ്റകള്‍ നിറവള്ളി ചുറ്റി നിലം തൊടുവിക്കാതെയാണ് ശബരിമലയിലെത്തിക്കുക. നെന്മേനി ചുട്ടിച്ചിറയിലുള്ള ഒരേക്കര്‍ പാടമാണ് കര്‍ക്കടകപ്പിറവിയില്‍തന്നെ കതിര്‍ നിരന്ന് കൊയ്ത്തിന് പാകമായിട്ടുള്ളത്.