പട്ടാമ്പി: കുറ്റിപ്പുറം-ഷൊര്‍ണൂര്‍ തീരദേശപാത പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി നിളയ്ക്ക് കുറുകെയും പാര്‍ശ്വഭാഗത്തും രണ്ടുപാലങ്ങള്‍ വരുമെന്ന പ്രതീക്ഷയിലാണ് പട്ടാമ്പിക്കാര്‍. തീരദേശപാതയുടെ ഒന്നാംഘട്ടമായി 77 കോടി രൂപ ചെലവില്‍ കുറ്റിപ്പുറം തങ്ങള്‍പ്പടിയില്‍നിന്ന് പട്ടാമ്പി പഴയകടവുവരെ ഭാരതപ്പുഴയില്‍ പാലത്തോടുകൂടിയ റോഡ് പണിയാനാണ് പദ്ധതി.
 
പാലമെത്തിച്ചേരുന്ന പഴയകടവ് റോഡില്‍നിന്ന് പട്ടാമ്പി ബസ്സ്റ്റാന്‍ഡിലേക്ക് 550 മീറ്റര്‍ വരുന്ന പുഴയോര പാര്‍ശ്വത്തിലൂടെയുള്ള മറ്റൊരു പാലവും ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുന്നു. നിളയില്‍ ഞാങ്ങാട്ടിരി ഭാഗത്തുനിന്ന് പഴയകടവിലേക്ക് 350 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിക്കുക.
 
ഞാങ്ങാട്ടിരി ഭാഗത്ത് ഉയര്‍ന്നും കടവ് ഭാഗത്തെത്തുമ്പോള്‍ താഴ്ന്നുമുള്ള രീതിയിലാണ് പാലം നിര്‍മിക്കുക. പാലത്തിന്റെ വീതി 11 മീറ്ററായിരിക്കും. കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. കുറ്റിപ്പുറം തങ്ങള്‍പ്പടിയില്‍നിന്ന് റബ്ബറൈസ് ചെയ്ത് നവീനരീതിയിലുള്ള റോഡാണ് വിഭാവനംചെയ്തിട്ടുള്ളത്.
 
ഇവയുടെയെല്ലാം മുന്നൊരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. രൂപരേഖയും ഡ്രോയിങ്ങും സാങ്കേതിക തയ്യാറെടുപ്പുകളുമടങ്ങിയ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചാല്‍ ഉടനടി പണി തുടങ്ങാനാവുമെന്നാണ് പൊതുമരാമത്തുവകുപ്പ് കരുതുന്നത്.

അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പട്ടാമ്പിപ്പാലം കഴിഞ്ഞ 15 വര്‍ഷമായി ദുര്‍ബലമാണ്. വാഹനഗതാഗതത്തിന്റെ ആധിക്യവും മണലെടുപ്പിന്റെ രൂക്ഷതയും കാലപ്പഴക്കവും പാലത്തിന് ബലക്ഷയം വരുത്തിക്കൊണ്ടിരിക്കുകയാണ്. കൈവരികളോ കാല്‍നടപ്പാതയോ ഇല്ലാത്ത ഇത് താണപാലം മാത്രമാണ്.
 
വീതിക്കുറവും വലിയപ്രശ്‌നമാണ്. കാറ്റും മഴയും വന്നാല്‍ ഇതിലൂടെ കാല്‍നട പേടിച്ചുവേണം. 10 വര്‍ഷം മുമ്പുതന്നെ പട്ടാമ്പിപ്പാലത്തിന് ബദലായി പുതിയപാലം പണിയാന്‍ ശ്രമം തുടങ്ങിയതാണ്. നിലവിലുള്ള പാലത്തേക്കാള്‍ ആറുമീറ്റര്‍ ഉയരത്തില്‍ 20 കോടി രൂപ ചെലവില്‍ പാലം പണിയാന്‍ സമഗ്രമായ എല്ലാ റിപ്പോര്‍ട്ടുകളും പൊതുമരാമത്തുവകുപ്പ് തയ്യാറാക്കി നല്‍കിയിരുന്നു. തുടര്‍നടപടികളുണ്ടായില്ല.

പിന്നീട് കെ.എസ്.ടി.പി.യുടെ പെരുമ്പിലാവ്-പെരിന്തല്‍മണ്ണ റോഡുവികസന പദ്ധതിയില്‍ പട്ടാമ്പിപ്പാലവും ഉള്‍പ്പെട്ടു. എന്നാല്‍, പദ്ധതി നീണ്ടുപോയതോടെ പാലം കുറ്റിപ്പുറം-ഷൊര്‍ണൂര്‍ തീരദേശറോഡ് പദ്ധതിയിലേക്ക് മാറ്റി. 2015-16 ബജറ്റില്‍ 120 കോടിയുടെ പദ്ധതിയാണ് റോഡിനും പാലത്തിനുമായി ഉണ്ടായിരുന്നത്.
 
തുടര്‍നടപടി ഇതിനുമുണ്ടായില്ല. തുടര്‍ന്ന്, 2017ലെ ബജറ്റില്‍ പട്ടാമ്പിയിലെ പുതിയപാലത്തിന് തുക അനുവദിക്കുകയായിരുന്നു. ഇപ്പോള്‍ തീരദേശറോഡിന്റെ ഒന്നാംഘട്ടമായാണ് പട്ടാമ്പിവരെ റോഡും പാലങ്ങളും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്.

പാലങ്ങള്‍ വന്നാല്‍ കാല്‍നൂറ്റാണ്ടായി പട്ടാമ്പിയില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാവും. പട്ടാമ്പി റെയില്‍വേ കമാനംമുതല്‍ ബസ്സ്റ്റാന്‍ഡുവരെ വണ്‍വേ സംവിധാനം കൊണ്ടുവരാനാവും.