പാലക്കാട്: ദേശാടനപ്പക്ഷികളെ മാത്രമല്ല, പെരിയാർ വന്യജീവിസങ്കേതത്തിലെ കാട്ടുപോത്തുകളെയും ആനക്കൂട്ടങ്ങളെയുമൊക്കെ ഫാ. ആൻസൺ മേച്ചേരിയുടെ ക്യാമറക്കണ്ണുകൾ കണ്ടു. അതേ വന്യസൗന്ദര്യം സംസ്ഥാനത്തെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും ആയിരക്കണക്കിന് വിദ്യാർഥികൾക്കുമുന്നിലും എത്തി.
വനത്തിൽ അച്ചനെന്തുകാര്യം എന്ന് ചിന്തിക്കുന്നവർക്ക് മറുപടിനൽകുന്നത് മുണ്ടൂർ അൽഫോൻസ ചർച്ചിലെ കൊച്ചു മുറിയിലെ ഫാ. ആൻസണിന്റെ കംപ്യൂട്ടറുകളും ക്യാമറകളുമാണ്. വനാന്തർഭാഗത്തെ കാഴ്ചകൾ ക്യാമറയിൽ പകർത്തുന്നവരേറെയുണ്ടെങ്കിലും അത് കുട്ടികൾക്ക് നേരിട്ടെത്തിച്ച് പഠന പ്രോത്സാഹനമൊരുക്കുന്നവർ കുറയും. അതും വിദേശരാജ്യങ്ങളിൽ ഏറെ പ്രചാരംനേടിയ സൂക്ഷ്മ ഫോട്ടോഗ്രാഫിയെന്ന സങ്കേതമുപയോഗിച്ച്.
ചിത്രശലഭങ്ങൾ മുതൽ മലമുഴക്കി വേഴാമ്പലുകളും കരടിയും മാനുമൊക്കെ ക്ലാസുകളിലേക്ക് എത്തിനോക്കി, രാത്രിയും പകലുമില്ലാതെ ആൻസണച്ചൻ തുറന്നുവെച്ച ക്യാമറക്കണ്ണുകളിലൂടെ.

ഒരു ചിത്രത്തിനായി എത്രമണിക്കൂർ വേണമെങ്കിലും കാട്ടിലലയാൻ മടിയില്ലാത്ത മുണ്ടൂർ അൽഫോൻസ ചർച്ച് വികാരികൂടിയായ ഫാ. ആൻസണിന് പിന്തുണയുമായി ബിഷപ്പ് അടക്കമുള്ള സഭാപിതാക്കന്മാരുമുണ്ട്. പെരിയാർ കടുവാസങ്കേതത്തിൽ നടന്ന ചിത്രശലഭ കണക്കെടുപ്പിന് നിയോഗിക്കപ്പെട്ട ഏക വൈദികനെന്ന ബഹുമതിയും ഇതിനിടെ അച്ചനെത്തേടിയെത്തി.
വനഭംഗിയുടെ നേർക്കാഴ്ചകളൊരുക്കുന്ന ചിത്രശേഖരങ്ങൾ കുട്ടികൾക്കുള്ള പ്രചോദനക്ലാസുകൾക്കാണ് ഫാ. ആൻസൺ ഏറെയും ഉപയോഗിക്കുന്നത്. കോളേജ് പഠനക്കാലത്തുതന്നെ വനഫോട്ടോഗ്രാഫിരംഗത്തുള്ള അച്ചന് ഒരിക്കൽ അർധസഹോദരനായ സംവിധായകൻ ലാൽജോസ് നൽകിയ ക്യാമറാ ലെൻസാണ് സൂഷ്മ ഫോട്ടോഗ്രാഫി മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ പ്രചോദനമായത്. ഒറ്റപ്പാലത്തെ തോട്ടക്കര മേച്ചേരി കുടുംബാംഗമായ ഫാ. ആൻസൺ 2001-ലാണ് വൈദികനായത്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ അധ്യാപകൻ കൂടിയായ ഫാ. ആൻസൺ ശേഖരിച്ച ചിത്രങ്ങൾ വിദ്യാർഥികൾ പ്രോജക്ട് ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്.