പാലക്കാട്: 'നേരമില്ലുണ്ണിക്ക് നേരമില്ല, നേരമ്പോക്കോതുവാന്‍ നേരമില്ല' സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റായിക്കൊണ്ടിരിക്കുന്ന കവിത... പക്ഷേ, കവിതചൊല്ലി ചാനല്‍വേദികളിലും മറ്റും പാറിനടക്കുന്ന ഉണ്ണിക്കുട്ടനും പാട്ടെഴുതിയ കവിയും തമ്മില്‍ ഒരു പരിചയവുമില്ലായിരുന്നു. ഒടുവില്‍, കാഴ്ചശക്തിയില്ലാത്ത ഉണ്ണിക്കുട്ടനെ തേടി കവിയിറങ്ങി. മാസങ്ങള്‍ നീണ്ട അന്വേഷണം... അങ്ങനെ പാലക്കാട്ടുവെച്ച് ചൊവ്വാഴ്ച ഗായകനും കവിയും കണ്ടുമുട്ടി. സാക്ഷിയായി ഇതിനുകാരണക്കാരനായ സമദും.

2014ലാണ് കല്ലടിക്കോട്ടെ സമദ് കാഴ്ചശക്തിയില്ലാത്തവരെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയത്. ഇതില്‍ മുണ്ടൂര്‍ നാമ്പുള്ളിപ്പുരയിലെ 14കാരന്‍ ഉണ്ണിക്കുട്ടന്‍ ഒരുകവിത ചൊല്ലിയതാണ്. എഴുത്തുകാരന്‍ എടപ്പാള്‍ സി. സുബ്രഹ്മണ്യന്റെ 'പാവം ഉണ്ണി' എന്ന കവിതയാണ് ചൊല്ലിയത്. ഡോക്യുമെന്ററിയില്‍ ഉണ്ണിക്കുട്ടന്‍ പാടിയ ഭാഗം സമദ് യു ട്യൂബില്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഇതോടെ, ഈ 14കാരന്റെ തലവരയും മാറി. ഗായിക ചിത്രയ്ക്കുമുന്നിലും കവിത ചൊല്ലി കൈയടി വാങ്ങി ഈ മിടുക്കന്‍.

സ്വന്തം കവിതയെ വൈറലാക്കിയ മിടുക്കനെ കാണാന്‍ പലരോടും അന്വേഷിച്ചെന്ന് എടപ്പാള്‍ സുബ്രഹ്മണ്യന്‍. ഒടുവില്‍ അന്വേഷിച്ചന്വേഷിച്ച് സമദിലെത്തി. തുടര്‍ന്ന്, ഉണ്ണിക്കുട്ടന്റെ വീട്ടുകാരുമായും ബന്ധപ്പെട്ടു. അങ്ങനെയാണ് ഒരുദിവസം നിശ്ചയിച്ച് കൂടിക്കാഴ്ച നടത്തിയത്.

പിരിയുംമുമ്പ് മൂവരും ചേര്‍ന്ന് ഒരു തീരുമാനവുമെടുത്തിട്ടുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കാനായി ഒരു ബോധവത്കരണ ഹ്രസ്വചിത്രം തയ്യാറാക്കണം. സ്ത്രീസുരക്ഷയാണ് വിഷയം. പുതിയ കവിതയെഴുതാനുള്ള ഒരുക്കത്തിലാണ് എടപ്പാള്‍ സുബ്രഹ്മണ്യന്‍. സംവിധാനംചെയ്യാന്‍ സമദും പാടാന്‍ ഉണ്ണിക്കുട്ടനും തയ്യാര്‍.