പാലക്കാട്: കഥകളിയിലെ മികച്ച പ്രതിനായകവേഷങ്ങളെ അരങ്ങിലെത്തിച്ച് ആസുരം കഥകളിമേള. പാലക്കാട് കഥകളി ട്രസ്റ്റിന്റെ 12-ാം വാര്‍ഷികത്തിന്റെ ഭാഗമായി മുദ്ര കഥകളി ആസ്വാദക ട്രസ്റ്റും തിരനോട്ടവും (ദുബായ്) ചേര്‍ന്നാണ് രണ്ടുദിവസത്തെ കഥകളിമേള നടത്തുന്നത്.

കഥകളിയില്‍ നായകന്മാരേക്കാള്‍ ഒരുപടി കൂടുതല്‍ സ്ഥാനം പ്രതിനായകന്മാര്‍ക്കുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ നരകാസുരന്‍, ജരാസന്ധന്‍, ശിശുപാലന്‍, ദാരികന്‍, കീചകന്‍ തുടങ്ങിയ പ്രതിനായക കഥാപാത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്ന കളികളാണ് ആസുരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശനിയാഴ്ച തുടങ്ങിയ മേളയില്‍ നരകാസുരവധം, രാജസൂയം, ദാരികാവധം എന്നിവ അരങ്ങേറി. നരകാസുരവധം കഥകളിയില്‍ നക്രതുണ്ഡിയായി കലാമണ്ഡലം ഹരി ആര്‍. നായരും ലളിതയായി കലാമണ്ഡലം ചമ്പക്കര വിജയകുമാറും ജയന്തനായി കോട്ടയ്ക്കല്‍ സി.എം. ഉണ്ണിക്കൃഷ്ണനും നരകാസുരനായി കോട്ടക്കല്‍ കേശവന്‍ കുണ്ടലായരും നരകാസുരപത്‌നിയായി കോട്ടക്കല്‍ ബാലനാരായണനും ഇന്ദ്രനായി കോട്ടയ്ക്കല്‍ സി.എം. ഉണ്ണിക്കൃഷ്ണനും വേഷമിട്ടു.

തുടര്‍ന്ന് നടന്ന രാജസൂയത്തില്‍ ജരാസന്ധനായി കലാമണ്ഡലം സോമന്‍, കൃഷ്ണബ്രാഹ്മണനായി സദനം സുരേഷ്, ഭീമബ്രാഹ്മണനായി ആര്‍.എല്‍.വി. പ്രമോദ്, അര്‍ജുനബ്രാഹ്മണനായി കലാമണ്ഡലം സൂരജ്, ശിശുപാലനായി കലാമണ്ഡലം മനോജ്, ധര്‍മപുത്രരായി കലാമണ്ഡലം വിപിന്‍, കൃഷ്ണനായി കലാമണ്ഡലം ശ്രീരാം, അര്‍ജുനനായി കോട്ടയ്ക്കല്‍ കൃഷ്ണദാസ് എന്നിവര്‍ വേഷമിട്ടു.

അവസാനം നടന്ന ദാരികവധം കഥകളിയില്‍ കലാമണ്ഡലം അരുണ്‍വാര്യര്‍ നാരദനായി. കലാമണ്ഡലം രവികുമാര്‍ ദാരികനും കോട്ടയ്ക്കല്‍ ബാലനാരായണന്‍ ദാരികപത്‌നിയുമായി. കലാമണ്ഡലം വിശാഖ് ശിവനായി. കോട്ടയ്ക്കല്‍ ദേവദാസ് ഭദ്രകാളിയായും രംഗത്തെത്തി. കലാമണ്ഡലം വിനോദ്, കലാനിലയം രാജീവന്‍, കോട്ടയ്ക്കല്‍ സന്തോഷ്, കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാര്‍ എന്നിവര്‍ സംഗീതമൊരുക്കി.

കോട്ടയ്ക്കല്‍ പ്രസാദ്, കലാമണ്ഡലം നന്ദകുമാര്‍, കലാനിലയം ഉദയന്‍, കലാമണ്ഡലം വേണുമോഹന്‍, കലാമണ്ഡലം രവിശങ്കര്‍ (ചെണ്ട), കോട്ടയ്ക്കല്‍ രവി, കലാമണ്ഡലം വരവൂര്‍ ഹരിദാസ്, കലാനിലയം പ്രകാശ്, ആര്‍.എല്‍.വി. സുദേവ് വര്‍മ, കലാമണ്ഡലം രാഹുല്‍ നമ്പീശന്‍ (മദ്ദളം) എന്നിവര്‍ പിന്നണിയൊരുക്കി.

കലാമണ്ഡലം ശിവരാമന്‍, കലാനിലയം രാജീവന്‍, കലാമണ്ഡലം സുധീഷ് എന്നിവരായിരുന്നു ചുട്ടി. അപ്പുണ്ണിത്തരകന്‍, കുഞ്ഞിരാമന്‍, ബാലന്‍, രാമകൃഷ്ണന്‍, കുട്ടന്‍, മോഹനന്‍ എന്നിവര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. ഞായറാഴ്ച നളചരിതം നാലാംദിവസം, കല്യാണസൗഗന്ധികം, കീചകവധം എന്നീ കളികള്‍ അരങ്ങേറും.