അകത്തേത്തറ:  ശുദ്ധമായ പശുവിൻപാൽ ആവശ്യക്കാരിലേക്കെത്തിച്ച് അകത്തേത്തറ ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെ പുതിയ കാൽവെപ്പ്. മിൽമപോലെ അകത്തേത്തറയുടെ ‘തനിമ’യും കവറിൽ പുറത്തിറങ്ങി. ഉത്രാടനാളിൽ ആരംഭിച്ച പുതിയസംരംഭത്തിന്റെ തുടക്കത്തിൽ 1000 ലിറ്റർ പാലാണ് കൊഴുപ്പുനീക്കാതെ കവറുകളിലാക്കി കടകളിലെത്തിച്ചത്. അര ലിറ്റർ വീതമുള്ള 2000 കവറുകൾ. ഉത്പാദനം കൂട്ടാനുള്ള ശ്രമത്തിലാണെന്ന് പ്രസിഡന്റ് കെ. ജയകൃഷ്ണനും സെക്രട്ടറി വി. ലതയും പറഞ്ഞു. 


രണ്ട് പഞ്ചായത്തുകളിലെ കാമധേനു


ജില്ലയിലെ പ്രധാന പരമ്പരാഗത ക്ഷീരസംഘമാണ് അകത്തേത്തറയിലേത്. 4,500 ലിറ്റർ പാൽ ദിവസവും കർഷകരിൽനിന്ന് സംഭരിച്ച് വിപണനം ചെയ്യുന്നു. അകത്തേത്തറ, മലമ്പുഴ പഞ്ചായത്തുകളിലായി 18 പാൽ സംഭരണ കേന്ദ്രങ്ങളുണ്ട് ഇതിനുകീഴിൽ. രണ്ട് പഞ്ചായത്തുകളിലെയും സ്കൂളുകൾ,  ഹോസ്റ്റലുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പാൽ നൽകുന്നത് അകത്തേത്തറ ക്ഷീരസംഘമാണ്. 
നഗരസഭാ പരിധിയിലും സംഘം ജീവനക്കാർ പുലർച്ചയ്ക്കും ഉച്ചയ്ക്കുശേഷവും പാലുമായി വീടുകളിലെത്തും. 1964-ൽ തുടങ്ങിയ സംഘത്തിൽ ഇപ്പോൾ 2,437 അംഗങ്ങളുണ്ട്.  ഇതിൽ 516 പേർ സജീവ അംഗങ്ങളാണ്.  
3,000 ലിറ്ററായിരുന്ന പാൽ സംഭരണം രണ്ടുവർഷംകൊണ്ട് 4,500 ലിറ്ററായി വർധിച്ചുവെന്ന് പ്രസിഡന്റ് പറഞ്ഞു.  ക്ഷീര കർഷകർ കൊണ്ടുവരുന്ന പാൽ കൃത്രിമമൊന്നും ചേർക്കാതെ നേരിട്ട് ഉപഭോക്താക്കൾക്ക് നൽകുകയാണ്. 30 ജീവനക്കാരുടെ പൂർണ പിന്തുണയുമുണ്ട്.
 

വെല്ലുവിളി സ്വീകരിച്ചത് ആശങ്കയോടെ 


 2016 മാർച്ചിലാണ് ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പ്രകാശൻ, പാലും പാൽ ഉത്പന്നങ്ങളും തയ്യാറാക്കുന്ന മിനി ഡയറി എന്ന ആശയം മുന്നോട്ടുവെക്കുന്നത്. ആശങ്കയോടെയാണെങ്കിലും സംഘം ഭരണസമിതി ഈ പരീക്ഷണം സ്വീകരിച്ചു. മലന്പുഴ മനക്കൽകാട് 10 സെന്റ് സ്ഥലം വാങ്ങി,  ഒന്നരക്കോടിയോളം ചെലവിൽ പ്ളാന്റ് സ്ഥാപിച്ചു. മെഷീന്റെ 60 ശതമാനം തുക സർക്കാർ ഗ്രാന്റായി നൽകി. പ്ളാന്റിൽനിന്നുള്ള മലിനജലം ശുചീകരിച്ച് പുൽക്കൃഷിക്ക് ഉപയോഗിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി കൊട്ടേക്കാട് വില്ലേജിൽ 4.5 ഏക്കർ പാട്ടത്തിനെടുത്ത് പുൽക്കൃഷി നടത്തും.

 
ലക്ഷ്യം 10 ഇരട്ടി പാൽ


 തുടക്കത്തിൽ 1,000 ലിറ്ററാണ്  കവറുകളിലാക്കി വിൽക്കാൻ ആരംഭിച്ചിരിക്കുന്നത്. ഇത് 10,000 ആക്കാനുള്ള ശ്രമത്തിലാണ്. കൂടുതൽ കർഷകരെ പശു വളർത്താൻ പ്രേരിപ്പിക്കുന്നുണ്ട്. പശുവിനെ വാങ്ങാൻ ധനസഹായം നൽകും.  പുതിയ തലമുറയും ഈ  മേഖലയിലേക്ക് വരുന്നതായി പ്രസിഡന്റ് പറഞ്ഞു. തൈര്, നെയ്യ് തുടങ്ങിയ പാലുത്പന്നങ്ങളും ഉടൻ വിപണിയിലെത്തുമെന്ന് അധികൃതർ അറിയിച്ചു.