കൂറ്റനാട്: 80 വയസ്സ് പിന്നിട്ട ഗോപാലന്‍നായര്‍ക്ക് കാഴ്ച മങ്ങിത്തുടങ്ങിയിട്ടുണ്ട്. അക്ഷരങ്ങളോടുള്ള ഇഴയടുപ്പം നിര്‍ബാധം തുടരുന്നതിനാല്‍ കണ്ണട മൂക്കിനുകീഴില്‍ വരത്തക്കവിധമാക്കി പുസ്തകം അടുപ്പിച്ചുപിടിച്ച് ഇത്തിരി ക്ലേശപ്പെട്ടാണ് വായന. പഴയകാല സെക്രട്ടറിയായ ശങ്കരന്‍കുട്ടിയും സേതുമാധവനും കുട്ടിനാരായണനും പ്രേമചന്ദ്രനും വിനോദ് കുമാറും ഗംഗാധരനുമെല്ലാം തിരക്കിട്ട വായനയിലാണ്.

വായനശാലാ സെക്രട്ടറി കെ. മണികണ്ഠന്‍ രജിസ്റ്ററില്‍ എന്തോ രേഖപ്പെടുത്താനുള്ള തിരക്കിലും. പത്രം മറിക്കുന്നതും പുസ്തകഷെല്‍ഫിന്റെ വാതില്‍ തുറക്കുന്നതുമായ ശബ്ദമൊഴിച്ചാല്‍ എങ്ങും നിശ്ശബ്ദത. വാദ്യകലയുടെ പെരുമയുള്ള പെരിങ്ങോട്ട് അറിവിന്റെ നിറകുടവുമായി അറുപത് വര്‍ഷമായി പെരിങ്ങോട് യൂത്ത് ലൈബ്രറിയുണ്ട്. കുട്ടികളും യുവാക്കളും പ്രായമായവരുമടങ്ങുന്നവരുടെ സംഗമകേന്ദ്രം. 'വിജ്ഞാനപോഷിണി' എന്ന പേരില്‍ 1958ലാണ് യൂത്ത് ലൈബ്രറിയുടെ ഉദയം. പെരിങ്ങോട് സ്‌കൂള്‍ അധ്യാപകനായിരുന്ന കെ.എം. സുബ്രഹ്മണ്യന്‍, പി.വി. രാധാകൃഷ്ണവാര്യര്‍ എന്നിവരായിരുന്നു സ്ഥാപക പ്രസിഡന്റും സെക്രട്ടറിയും.

പെരിങ്ങോട് സെന്ററിലെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. 1966ല്‍ വിജ്ഞാനപോഷിണി യൂത്ത് ലൈബ്രറിയായി പരിണമിച്ചു. പത്തുവര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിലെ ഗ്രന്ഥശാലാപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച പി.എന്‍ പണിക്കര്‍ ലൈബ്രറി സന്ദര്‍ശിച്ചത് പ്രവര്‍ത്തകര്‍ക്ക് ആവേശമായി.

1971ലാണ് പെരിങ്ങോട് ഹൈസ്‌കൂളിനടുത്തുള്ള കെട്ടിടത്തിലേക്ക് യൂത്ത് ലൈബ്രറിയുടെ പ്രവര്‍ത്തനം മാറുന്നത്. ഏഴാം തമ്പുരാന്‍ എന്നറിയപ്പെട്ടിരുന്ന പൂമുള്ളിമനയില്‍ രാമന്‍നമ്പൂതിരിപ്പാട് സൗജന്യമായി നല്‍കിയ 20 സെന്റ് സ്ഥലത്താണ് ലൈബ്രറിയുടെ കെട്ടിടം ഉയര്‍ന്നത്.

മലയാളവര്‍ഷം 1125ല്‍ മൂന്നാം പതിപ്പിറക്കിയ ഒരുരൂപാ എട്ടണ വിലയുള്ള വൈക്കം മുഹമ്മദ് ബഷീറിന്റെ 'ജന്മദിനം' എന്ന കഥാപുസ്തകമാണ് പെരിങ്ങോട് യൂത്ത് ലൈബ്രറിയില്‍ ഇന്ന് ലഭ്യമായിട്ടുള്ള ആദ്യനമ്പര്‍ പുസ്തകം. 18-ാം നമ്പര്‍ പുസ്തകമായാണ് 'ജന്മദിനം' ലൈബ്രറിക്കുള്ളില്‍ നിലകൊള്ളുന്നത്.

13,120 പുസ്തകങ്ങളും 600 അംഗങ്ങളുമുള്ള 'എ ഗ്രേഡ്' ജ്ഞാനോത്പാദന കേന്ദ്രമാണിത്. പുസ്തകങ്ങള്‍ക്കുപുറമെ ധാരാളം പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട്. 2010ല്‍ ജില്ലാ ലൈബ്രറിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2011-2012 വര്‍ഷത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സാമ്പത്തികസഹായത്തോടെ പുതിയ വായനമന്ദിരവും പണിതു.

വായനയുടെ ലോകം തുറന്നിടുന്നതിനുപുറമെ, പി.എസ്.സി., യോഗ പരിശീലനം എന്നിവയും ലൈബ്രറി നടത്തുന്നുണ്ട്. താലൂക്കിലെ ഗുരുസംഗമകേന്ദ്രമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഭാരത് ആര്‍ട്‌സ് ക്ലബ്ബ്, ഈവനിങ് സ്‌പോര്‍ട്‌സ് ക്ലബ്ബ് എന്നിവ സഹോദരസ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്നുണ്ട്.