ഷൊര്‍ണൂര്‍: കാലിലെ മുറിവ് പഴുത്തുചീഞ്ഞ് പുഴുവരിച്ച് കിടന്നിരുന്നയാള്‍ക്ക് പോലീസിന്റെ കൈത്താങ്ങ്. ആലപ്പുഴ സ്വദേശി രവിക്കാണ് ഷൊര്‍ണൂര്‍ എസ്.ഐ. എം. രാജഗോപാല്‍ താലൂക്കാസ്​പത്രിയിലെത്തിച്ച് ചികിത്സ നല്‍കിയത്.

കുളപ്പുള്ളി കാര്‍മല്‍ സ്‌കൂളിന് സമീപം ദിവസങ്ങളായി ഭക്ഷണംപോലുമില്ലാതെ കിടക്കയായിരുന്നു രവി. ദുര്‍ഗന്ധം വമിച്ച് പുഴുവരിച്ച് വേദനയോടെ വലിയ മുറിവായിക്കിടന്നിരുന്ന രവിയുടെ സമീപത്തേക്ക് ആരുമെത്തിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
 
വ്യാഴാഴ്ചരാത്രിയാണ് ഇയാള്‍ റോഡരികില്‍ക്കിടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഒറ്റപ്പാലം താലൂക്കാസ്​പത്രിയിലെത്തിച്ച് ചികിത്സനല്‍കിയ രവിക്ക് ഭക്ഷണത്തിനുള്ള പണവും നല്‍കിയാണ് എസ്.ഐ. എം. രാജഗോപാല്‍ മടങ്ങിയത്.

വലതുകാലില്‍ ചെറുവിരലിലെ മുറിവ് ചികിത്സനല്‍കാത്തതിനാല്‍ പഴുത്ത് പുഴുവരിച്ച നിലയിലായിരുന്നു. രാത്രി അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടിഡോക്ടര്‍ നടത്തിയ പരിശോധനയിലാണ് അടിയന്തര ശസ്ത്രക്രിയവേണമെന്ന് നിര്‍ദേശിച്ചത്.
 
ആസ്​പത്രി സൂപ്രണ്ട് കൂടിയായ സര്‍ജന്‍ പ്രവീണ്‍കുമാറെത്തി പുഴുക്കളെ നീക്കി മുറിവ് വൃത്തിയാക്കി. രക്തത്തില്‍ അണുബാധയുണ്ടാകാനുള്ള സാഹചര്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പിറ്റേന്ന് രാവിലെ ഏഴിനുതന്നെ ശസ്ത്രക്രിയയിലൂടെ വിരല്‍ മുറിച്ചുനീക്കി.

55വര്‍ഷം മുമ്പ് നാടുവിട്ടിറങ്ങിയ രവിക്ക് മേല്‍വിലാസംപോലും ഓര്‍മയില്ല. നിര്‍മാണത്തൊഴിലാളിയായി കാസര്‍കോട്ടായിരുന്നു താമസം. രണ്ടാഴ്ച മുമ്പാണ് അവശനിലയില്‍ ഷൊര്‍ണൂരിലെത്തിയതെന്ന് രവി പറഞ്ഞു.