“എനിക്ക്‌ ഒരു കുഞ്ഞുവേണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പ്രസവിക്കാൻ പേടിയാവുന്നു. കുഞ്ഞിനും രോഗമുണ്ടാവുമോ? മുലയൂട്ടരുതെന്ന് ചിലരൊക്കെ പറയുന്നു. എന്നാലും ആഗ്രഹമാണ്. ഒന്നേയൊന്ന്...”

പറഞ്ഞുവരുമ്പോൾ ആ 24കാരിയുടെ കണ്ണുനിറഞ്ഞു. അതുമറയ്ക്കാൻ ശ്രമിച്ച് വാടിയ ഒരു ചിരിയോടെ അവൾ തുടർന്നു,

“പക്ഷേ, ഡോക്ടർ പറയുന്നു, കുഞ്ഞിന് എന്റെ പാലൊക്കെ കൊടുക്കാമെന്ന്. ഗർഭിണിയായതുതൊട്ട് എ.ആർ.ടി. ചികിത്സയെടുക്കുന്നുണ്ട്.”

ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കണ്ടുമുട്ടിയ ഇവളും എച്ച്.ഐ.വി. ബാധിതരായ മറ്റെല്ലാ യുവതികളെയുംപോലെയാണ്.

അമ്മയാവണമെന്ന മോഹം. കുഞ്ഞിന് രോഗമുണ്ടാവരുതെന്ന പ്രാർഥന. ഗർഭകാലത്തും പ്രസവസമയത്തും ആരുനോക്കാനുണ്ടെന്ന ഉത്‌കണ്ഠ. തന്റെ രോഗം ആരെങ്കിലും തിരിച്ചറിഞ്ഞാലോ എന്ന ഭയം. വീട്ടുകാരുടെ അവഗണന. നാട്ടുകാരുടെ അവജ്ഞ. നവജാതശിശുവിന് മൂന്നുതവണയായി ഒന്നരവയസ്സുവരെ നടത്തുന്ന പരിശോധകളിൽ രോഗമില്ലെന്ന അന്തിമഫലം വരുന്നതുവരെ കരഞ്ഞും പ്രാർഥിച്ചും പിന്നിടുന്ന മാസങ്ങൾ. ഇതെല്ലാം അനുഭവിച്ചാണ് എച്ച്.ഐ.വി. ബാധിതയായ ഓരോ സ്ത്രീയും അമ്മയാവുകയെന്ന മോഹം സാക്ഷാത്കരിക്കുന്നത്.

അനാഥാലയത്തിൽ കുട്ടിക്കാലം

ഇന്നത്തെ 24-കാരിക്ക് നാലുവയസ്സുള്ളപ്പോൾ അച്ഛനും പത്തുവയസ്സുള്ളപ്പോൾ അമ്മയും മരിച്ചു. “ഞാനും എച്ച്.ഐ.വി. പോസിറ്റിവാണെന്ന് കൊച്ചിലേ അറിഞ്ഞു. മുത്തശ്ശിയും ചെറിയച്ഛന്മാരുമൊക്കെയുണ്ടെങ്കിലും എന്നെ അനാഥാലയത്തിലാക്കി. അവിടെ താമസിച്ചാണ് പഠിച്ചത്. പത്തിൽ പഠിക്കുമ്പോൾ ഒരുവയസ്സിന് എന്നേക്കാൾ മുതിർന്ന സഹപാഠിയുമായി അടുപ്പത്തിലായി. എന്റെ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞു. പൂർണ ആരോഗ്യവാനായ ആ സ്നേഹിതൻ മഹാരോഗംബാധിച്ച എന്നെ ജീവിതത്തിൽ ഒപ്പംകൂട്ടുമോ എന്ന് പേടിയുണ്ടായിരുന്നു. ഞങ്ങൾ രണ്ടുമതക്കാരാണ്. വീട്ടുകാർക്കൊന്നും ഇഷ്ടമല്ലായിരുന്നു. നാലുവർഷം മുമ്പായിരുന്നു വിവാഹം. ഇപ്പോൾ നാലുമാസം ഗർഭിണിയാണ്.” ഇപ്പോൾ ആശുപത്രിയിൽ കൂട്ടിരിക്കുന്നതും പത്താംക്ലാസ് മുതൽ അവളെ സ്നേഹിച്ച് ഒപ്പംവന്ന ഇപ്പോഴത്തെ 25-കാരൻ തന്നെ.

എം.എഡ്‌ഡ്. കഴിഞ്ഞ് അധ്യാപികയായി ജോലിചെയ്യുന്ന മറ്റൊരു യുവതിയെക്കുറിച്ച് ഡോക്ടർ പറഞ്ഞു. ആദ്യ ഭർത്താവിൽനിന്നാണ് എച്ച്.ഐ.വി. ബാധിച്ചത്. അയാളുടെ മരണത്തോടെ ഒറ്റപ്പെട്ടു. ആശുപത്രിയിലെ എ.ആർ.ടി. (ആന്റി റിട്രോ വൈറൽ തെറാപ്പി) സെന്ററിൽ ചികിത്സ തുടരുന്നതിനിടെയാണ് എച്ച്.ഐ.വി. പോസിറ്റീവായ ഒരാളെ കൗൺസലർമാർ പരിചയപ്പെടുത്തിയത്. അവർതന്നെ മുൻകൈയെടുത്ത് വിവാഹവും നടത്തിക്കൊടുത്തു. ഇപ്പോൾ ഇരുവരും കുഞ്ഞുമായി മറ്റൊരുജില്ലയിൽ താമസിക്കുന്നു.

കൺമുന്നിൽ ഇതുപോലെ എത്ര ജീവിതങ്ങൾ...

5 വർഷം, 34 പ്രസവങ്ങൾ; ഡോക്ടർക്ക് ആദരം

പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായ ഡോ. ശ്രീജ വി.ചന്ദ്രന് ഇക്കഴിഞ്ഞ ലോക എയ്ഡ്സ് ദിനത്തിൽ അപൂർവമായ ഒരാദരം ലഭിച്ചു. ജില്ലയിൽ ഏറ്റവുംകൂടുതൽ എച്ച്.ഐ.വി. ബാധിതരായ സ്ത്രീകളുടെ പ്രസവം നടത്തിയെന്നതാണ് ആരോഗ്യവകുപ്പും സന്നദ്ധസംഘടനകളും സംഘടിപ്പിച്ച പരിപാടിയിൽ ഡോ. ശ്രീജയ്ക്ക് ആദരം നേടിക്കൊടുത്തത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടെ എച്ച്.ഐ.വി. പോസിറ്റീവായ 34 പ്രസവക്കേസുകളാണ് ഡോക്ടർ കൈകാര്യംചെയ്തത്.

“സ്ത്രീകളിൽ 90 ശതമാനത്തിനും അച്ഛനമ്മമാരിൽനിന്നോ ഭർത്താവിൽനിന്നോ ആണ് ഈ രോഗം പിടിപെടുന്നത്. വിട്ടുമാറാത്ത ഭയവുമായാണ് അവർ ഗർഭകാലം അതിജീവിക്കുന്നത്. ആദ്യകാലത്ത് പേടിയോടെയാണ് ഞാൻ ഇത്തരം കേസുകൾ ചെയ്തിരുന്നത്. അന്ന് ജില്ലാ ആശുപത്രിയിൽ രണ്ടോ മൂന്നോ ഓപ്പറേഷൻ തിേയറ്റർ മാത്രം. ഡോക്ടർമാരുടെ മറ്റ്‌ കേസെല്ലാംകഴിഞ്ഞ് ശനിയാഴ്ച വൈകുന്നേരങ്ങളിലാണ് എച്ച്.ഐ.വി. ബാധിതരായ എന്റെ ഗർഭിണികളുടെ കേസ് ചെയ്യുക. പിന്നെ ഒരുദിവസം തിയേറ്റർ അണുവിമുക്തമാക്കിയിടും. കൂടെയുള്ള സിസ്റ്റർമാരെയും ജീവനക്കാരെയുമൊക്കെ ഭയരഹിതമായി പ്രവർത്തിക്കാൻ സജ്ജമാക്കുകയെന്ന ഉത്തരവാദിത്വംകൂടി എനിക്കുണ്ടായിരുന്നു. ഇതുവരെ ഒരു എച്ച്.ഐ.വി. പ്രസവക്കേസ് പോലും ഞാൻ റഫർചെയ്തിട്ടില്ല. 34 പ്രസവത്തിലെ ഒരു കുഞ്ഞിനുപോലും അമ്മയിൽനിന്ന് രോഗം പകർന്നിട്ടില്ലെന്നതാണ് ഏറ്റവുമധികം സംതൃപ്തി തരുന്നത്.’’

പ്രസവങ്ങൾ കൂടുതൽ പാലക്കാട്ട്

മെഡിക്കൽ കോളേജുകളെ മാറ്റിനിർത്തിയാൽ സംസ്ഥാനത്തെ ജില്ലാ ആശുപത്രികളെ അപേക്ഷിച്ച് എച്ച്.ഐ.വി. ബാധിതരായ സ്ത്രീകളുടെ പ്രസവങ്ങൾ ഏറ്റവുംകൂടുതൽ നടക്കുന്നത് പാലക്കാട്ടായിരിക്കുമെന്ന് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ പാലക്കാട് ജില്ലാ നോഡൽ ഓഫീസറായ ഡോ. എ.കെ. അനിത പറഞ്ഞു. പാലക്കാട്ടെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ 2014തൊട്ട്‌ ഇതുവരെ 35 ഇത്തരം പ്രസവങ്ങൾ നടന്നു. ഒന്ന് അഗളിയിലായിരുന്നു. 2019-ൽമാത്രം ഒമ്പത്‌ പ്രസവക്കേസാണ് ഈ വിഭാഗത്തിൽ രജിസ്റ്റർചെയ്തത്. 2020-ലേക്ക് ഇപ്പോഴേ മൂന്ന് കേസുണ്ട്.

കുഞ്ഞിന് രോഗമുണ്ടാവില്ല

ഗർഭധാരണംതൊട്ട് കൃത്യമായി ചികിത്സയെടുത്താൽ കുഞ്ഞിന് രോഗമുണ്ടാവില്ലെന്ന് ‘സാഥി’യുടെ ജില്ലാ പ്രോഗ്രാം ഓഫീസറായ എസ്. സുനിൽകുമാർ പറഞ്ഞു. സ്ത്രീകൾ അതുഭയന്ന് അമ്മയാകാതിരിക്കേണ്ട. പാലക്കാട്ട് കഴിഞ്ഞ അഞ്ചുവർഷത്തെ കേസുകളെടുത്താൽ ഇക്കാര്യത്തിൽ ചികിത്സ നൂറുശതമാനം വിജയമാണ്.

ആദ്യത്തെ ചിന്ത ആത്മഹത്യ

ആശുപത്രിയിലെ ഐ.സി.ടി.സി. (ഇന്റഗ്രേറ്റഡ് കൗൺസലിങ് ആൻഡ്‌ ടെസ്റ്റിങ് സെന്റർ) കളിൽ നടത്തുന്ന പരിശോധനയിൽ എച്ച്.ഐ.വി. ബാധിതയാണെന്ന് അറിയുമ്പോൾ ഗർഭിണികൾ തളർന്നുപോകാറുണ്ട്. പലർക്കും ഭർത്താവിന് ഈ രോഗമുണ്ടെന്നുപോലും അറിയാറില്ല. ഈ സ്ത്രീകൾ ആദ്യം സംസാരിക്കുന്നത് ആത്മഹത്യയെക്കുറിച്ചാണ്.

ഐ.സി.ടി.സി.യിൽ കൗൺസലറായ പി.എസ്. ശ്രീന അനുഭവങ്ങൾ വിവരിച്ചു.

ഭർത്താവിൽനിന്ന്‌ സ്വന്തം രോഗവിവരം മറച്ചുെവക്കുന്ന സ്ത്രീകളുമുണ്ട്. ഗർഭധാരണത്തോടെ പുറത്തറിയും. അതോടെ പല പുരുഷന്മാരും വിവാഹമോചനം ആവശ്യപ്പെടാറുണ്ട്. പക്ഷേ, ഇത്രയും സങ്കടങ്ങൾക്കിടയിലും ഒരു സ്ത്രീയും വയറ്റിലുള്ള കുഞ്ഞിനെ നശിപ്പിക്കാൻ ആഗ്രഹിക്കുകയോ ഒരു സമ്മർദത്തിലും അതിന്‌ മുതിരുകയോ ചെയ്യാറില്ല.

ആ അവസരത്തിലൊക്കെ അവർക്ക് താങ്ങായിവരുന്നത് എയ്ഡ്സ് രോഗികൾക്കിടയിൽ പ്രവർത്തിക്കുന്ന വിഹാൻ, സാഥി തുടങ്ങിയ സന്നദ്ധ കൂട്ടായ്മകളും പോസിറ്റീവ് സ്പീക്കർമാരുമാണ്.