പാലക്കാട്: റാബിന്നീഷ ഇപ്പോഴും നടുങ്ങും, കഴിഞ്ഞ സെപ്റ്റംബർ 13 ഓർത്താൽ...

വലതുകണ്ണ് നിറഞ്ഞൊഴുകും. സാരിത്തലപ്പുകൊണ്ട്‌ മറച്ച മുഖത്തിന്റെ ഇടതുഭാഗത്ത് പൊള്ളിയടർന്ന കവിളും ചോര കിനിയുന്ന കണ്ണും വിറയ്ക്കും.

അന്ന് രാത്രി മക്കൾക്ക് ആഹാരം കൊടുത്ത് ജൈനിമേട്ടിലെ വീട്ടിൽ ഉറങ്ങാൻ കിടന്നതാണ് റാബിന്നീഷ. പതിനെട്ട്‌ വയസ്സുള്ള മൂത്ത മകൾ ഒപ്പം കിടന്നിരുന്നു. വല്ലപ്പോഴും മാത്രം വീട്ടിൽ വരാറുള്ള ഭർത്താവ് അടുത്ത മുറിയിൽ 15 വയസ്സുള്ള ഇളയ മകനോടൊപ്പമാണ് കിടന്നിരുന്നത്. മറ്റൊരു മകളും വീട്ടിലുണ്ടായിരുന്നു.

രാത്രി രണ്ടരമണിക്ക് തലയിലും മുഖത്തും നെഞ്ചത്തും തീകോരിയിട്ടതുപോലെ കൊടുംചൂട് വ്യാപിച്ചപ്പോൾ റാബിന്നീഷ അലറിക്കരഞ്ഞുകൊണ്ടെഴുന്നേറ്റു. അപ്പോൾ ഭർത്താവ് മുറിയിൽനിന്ന് ഓടിപ്പോകുന്നതാണ് കണ്ടത്. മകളുടെ കൈയും പൊള്ളിയിരുന്നു.

“എന്താണ് നടന്നതെന്ന് അറിയാൻ സമയമെടുത്തു. അയാൾ എന്റെമേൽ ആസിഡ് ഒഴിച്ച് ഓടിപ്പോവുകയായിരുന്നു. അടുത്ത വീട്ടിൽനിന്ന് ചേച്ചിയും മകനും നിലവിളികേട്ട്‌ ഓടിവന്നപ്പോഴേക്കും എന്റെ മുഖവും കഴുത്തും കൈയുമൊക്കെ എരിഞ്ഞുപോയി”

35-കാരിയായ റാബിന്നീഷ അത്‌ പറയുമ്പോൾ വിറയ്ക്കുകയായിരുന്നു.

17-ാം വയസ്സിലാണ് കോയമ്പത്തൂരിൽ വർക്ക്ഷോപ്പ് പണിക്കാരനായ സഹാബുദ്ദീൻ ജൈനിമേട്ടിലെ വീട്ടിൽനിന്ന് റാബിന്നീഷയെ കല്യാണം കഴിച്ചുകൊണ്ട്‌ പോയത്. ആദ്യമൊക്കെ വലിയ കുഴപ്പമില്ലാതെ ജീവിച്ചു. പോകെപ്പോകെ ഭർത്താവിന്റെ സ്വഭാവം മാറി. ഉപദ്രവം സഹിക്കവയ്യാതായപ്പോൾ മൂന്ന്‌ കുഞ്ഞുമക്കളെയുംകൊണ്ട് റാബിന്നീഷ പാലക്കാട്ടേക്ക് മടങ്ങി. തയ്യൽപ്പണിയും കാറ്ററിങ് സർവീസും ചെയ്താണ് മക്കളെ പുലർത്തിയത്.

“വല്ലപ്പോഴും അയാൾ മക്കളെ കാണാനെന്ന്‌ പറഞ്ഞ് വീട്ടിൽ വരുമ്പോൾ തടുത്തില്ല. ഇടക്കിടെ അയാൾ പറയുമായിരുന്നു, ‘‘നിന്നെ ഞാൻ മുഖം പുറത്തുകാണിക്കാനാവാത്ത തരത്തിലാക്കും. മനുഷ്യർ നോക്കാത്ത രീതിയിലാക്കും. ആസിഡൊഴിക്കും’’ എന്നൊക്കെ. പക്ഷേ, ചെയ്യുമെന്ന് വിചാരിച്ചില്ല”

മൂന്നുമാസം തൃശ്ശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കിടന്നു. രണ്ടുതവണ പ്ലാസ്റ്റിക് സർജറി നടത്തി. ഇപ്പോഴും ആസിഡ് വീണ് ഒട്ടിപ്പിടിച്ച കഴുത്തും നെഞ്ചും അങ്ങനെ ബാക്കിനിൽക്കുന്നു. തല തിരിക്കാനും കിടക്കാനുമൊക്കെ പാടാണ്.

“അയാൾ ജയിലിലാണ്. ജാമ്യം കിട്ടരുതെന്നാണ് പ്രാർത്ഥന. മക്കൾ ഡിഗ്രിക്കും പത്തിലും ഏഴിലും പഠിക്കുന്നു. അവരെ നല്ല നിലയിലെത്തിക്കണം. ആരോഗ്യം ഒരുവിധം ശരിയായാൽ ഇനിയും ജോലിക്കുപോകും. അയാളുടെ മുന്നിൽ ഞാൻ ജീവിച്ചുകാണിക്കും. അതൊരു വാശിയാണ്.” റാബിന്നീഷക്ക് സഹായത്തിന് ചേച്ചി റഹ്മത്തും സഹോദരനുമുണ്ട്.

സ്റ്റേറ്റ് നിർഭയ സെല്ലിന്റെ ആശ്വാസനിധിയിൽനിന്ന് ഇവർക്ക് 1,35,000 രൂപ അടിയന്തരസഹായം അനുവദിച്ചിട്ടുണ്ടെന്ന് മേഴ്സി കോളേജിലെ സോഷ്യൽ സർവീസ് ലീഗിന്റെ ലീഗൽ കൗൺസിലറായ അഡ്വ. പി.വി. ബീന പറഞ്ഞു.

മുഖവും പ്രധാനമാണ്

“ജീവിതം വളരെ വിലപ്പെട്ടതുതന്നെ. പക്ഷേ, മുഖവും പ്രധാനമാണ്. പ്രിയപ്പെട്ട സ്വന്തം മുഖത്തെ ഇടയ്ക്കെങ്കിലും വേദനയോടെ നോക്കാറുണ്ട്. പക്ഷേ, സങ്കടപ്പെട്ടിരിക്കാറില്ല. തളരാതെ ജീവിതത്തിൽ മുന്നേറണം”

ചുള്ളിമട കഞ്ഞൂടിയാർ വീട്ടിൽ ദൊരൈസ്വാമിയുടെയും സീലിയമ്മയുടെയും മകൾ അൽഫോൻസക്കിപ്പോൾ 18 വയസ്സാണ്. ഒന്നരവയസ്സുള്ളപ്പോൾ ആറുവയസ്സുകാരനായ ചേട്ടന്റെ കൈ പിടിച്ച് പള്ളിയിൽ പോയി മടങ്ങുമ്പോഴാണ് അൽഫോൻസയുടെ ജീവിതത്തിന്റെ ഗതിമാറ്റിക്കുറിച്ച അപായം സംഭവിച്ചത്. സമീപത്തെ റബ്ബർത്തോട്ടത്തിൽ ഉപയോഗിക്കാൻ അനധികൃതമായി റോഡരികിൽ തോട്ടമുടമ ഒളിപ്പിച്ചുസൂക്ഷിച്ച ആഡിഡിന്റെ കന്നാസ് അൽഫോൻസയുടെ ദേഹത്തേക്ക്‌ മറിയുകയായിരുന്നു. ഇടതുവശത്ത് അരഭാഗം വരെയും തിളച്ചുമറിയുന്ന ആസിഡ് ഒഴുകിപ്പരന്നു. എൺപത്‌ ശതമാനം പൊള്ളലോടെ ഒന്നരവയസ്സുകാരിയായ ആ കുഞ്ഞ് അലറിക്കരഞ്ഞുവീണു.

2003-ലായിരുന്നു അത്. നിയമവിരുദ്ധമായി പൊതുവഴിയിൽ ആസിഡ് സൂക്ഷിച്ച പ്രതികൾക്ക് പാലക്കാട് കോടതി രണ്ടുമാസം തടവും 50,000 രൂപ പിഴയുമാണ് വിധിച്ചത്. ഹൈക്കോടതിയിലെത്തിയപ്പോൾ പ്രതികളെ കുറ്റവിമുക്തരാക്കി.

ദുരന്തത്തിന്റെ കഷ്ടപ്പാടും മായാത്ത വടുക്കളുമായി അവൾ ജീവിച്ചു. ഇരകൾക്കുവേണ്ടി പ്രവർത്തിക്കുന്ന വിശ്വാസ് എന്ന സംഘടനയുടെ സെക്രട്ടറിയും എ.പി.പി.യുമായ പി. പ്രേംനാഥാണ് അവളുടെ അവസ്ഥ മാധ്യമങ്ങളിലൂടെ സമൂഹത്തെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഫണ്ടിൽനിന്ന് ഒരു ലക്ഷംരൂപയടക്കം നിരവധി വ്യക്തികളും സ്ഥാപനങ്ങളും അൽഫോൻസയ്ക്ക് സഹായം നൽകി. 2013 തൊട്ട്‌ ഇതുവരെ എട്ട് ശസ്ത്രക്രിയകൾ നടത്തി. ഇനിയും പരിക്കുകൾ ബാക്കിയാണ്.

കഴിഞ്ഞ ജൂൺ തൊട്ട് പാലക്കാട് സിവിൽ സ്റ്റേഷനിലുള്ള വിശ്വാസിന്റെ ഓഫീസിൽ ഫോട്ടോസ്റ്റാറ്റ് എടുത്തുകൊടുക്കുന്ന ജോലി ചെയ്യുന്നുണ്ട്.

“കുട്ടിക്കാലത്ത് കുറെ സങ്കടമനുഭവിച്ചിട്ടുണ്ട്” -അൽഫോൻസ പറഞ്ഞു. “മറ്റ്‌ കുട്ടികൾക്ക് എന്റെ രൂപം കാണുന്നത് ഭയമായതുകൊണ്ട് ഏഴുവരെ അനാഥാലയത്തിലെ സ്കൂളിൽനിന്നാണ് പഠിച്ചത്. പിന്നീട് പ്ലസ്ടു വരെ മലമ്പുഴ സർക്കാർ സ്കൂളിൽ. പത്താം ക്ലാസ് വരെ കൂട്ടുകാരാരും ഉണ്ടായിരുന്നില്ല. ആരും എന്നോട്‌ മിണ്ടിയിരുന്നില്ല. പത്ത് കഴിഞ്ഞപ്പോൾ അവരെന്നെ മെല്ലെ കൂടെക്കൂട്ടാൻ തുടങ്ങി”

അൽഫോൻസയുടെ ഇടതുകണ്ണ് ആസിഡ് വീണ് പൂർണമായും എരിഞ്ഞുപോയി. കാഴ്ചയില്ലെങ്കിലും കൃത്രിമക്കണ്ണ് വെച്ചിട്ടുണ്ട്. ഇടതുചെവിയും പതുക്കെയാണ്. മുഖത്തെ ചിരിക്കുമാത്രം വാട്ടമില്ല.

പൊള്ളിക്കാൻ കേരളം നാലാമത്

കേരളത്തിലെ ആസിഡ് ആക്രമണക്കേസുകൾ ആശങ്കപ്പെടുത്തുന്നതെന്ന് നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ

2016-ലും 2017-ലുമായി 26 ആസിഡ് ആക്രമണക്കേസുകൾ കേരളത്തിലുണ്ടായി. രണ്ടുവർഷങ്ങളിലും രാജ്യത്ത് ആസിഡ് ആക്രമണസംഭവങ്ങളിൽ നാലാം സ്ഥാനത്താണ് കേരളം. ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങൾക്ക് തൊട്ടുപിറകെയാണ് ഇക്കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം. 2018-ൽ കേരളത്തിൽ എട്ട് ആസിഡ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സഹായം ലഭിക്കും

ഗാർഹിക-ലൈംഗിക അതിക്രമങ്ങൾ, ആസിഡ് ആക്രമണങ്ങൾ, ലിംഗപരവും നിഷ്ഠുരവുമായ അതിക്രമങ്ങൾ എന്നിവയെ അതിജീവിച്ച സ്ത്രീകൾക്കും കുട്ടികൾക്കും വനിത-ശിശുവികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിലെ പദ്ധതിയിൽ അടിയന്തര ആശ്വാസനിധി അനുവദിക്കും. അതിന് ജില്ലാ വനിതാസംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം.