കൊടുവായൂര്‍: രാവിലെ ഒന്‍പതിന് കൊടുക്കുന്ന കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള ടോക്കണ്‍ ലഭിക്കാന്‍ 70 വയസ്സുള്ള രണ്ട് അമ്മമാര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിയത് പുലര്‍ച്ചെ 4.40ന്. തോളുകള്‍ പരസ്പരം ചേര്‍ത്തുവെച്ച് ആശുപത്രി വരാന്തയില്‍ ഉറങ്ങിയ അമ്മമാരെ ആശുപത്രിയില്‍ താമസിക്കുന്ന ജീവനക്കാരന്‍ കണ്ടതിനെത്തുടര്‍ന്ന് കാത്തിരിപ്പുകേന്ദ്രത്തിലെ ഇരിപ്പിടത്തില്‍ എത്തിച്ചു. 50 പേര്‍ക്കുള്ള സ്‌പോട്ട് രജിസ്‌ട്രേഷനില്‍ ടോക്കണ്‍ കിട്ടാന്‍ രാവിലെ എട്ടിനകം എത്തിയത് 300-ലധികം പേരായിരുന്നു. ശനിയാഴ്ച ആകെ 300 പേര്‍ക്കായിരുന്നു കൊടുവായൂരില്‍ കുത്തിവെപ്പ്. ഇതില്‍ 90 എണ്ണം ഓണ്‍ലൈന്‍ ബുക്കിങ് ആയതിനാല്‍ കൊടുവായൂര്‍ ഇതരപ്രദേശത്തുള്ളവര്‍ക്കാണ് കൂടുതലും ലഭിച്ചത്. 160 എണ്ണം 13-ാം വാര്‍ഡിലെ ആളുകള്‍ക്കായി നിശ്ചയിച്ചിരുന്നു. ഈ 250 എണ്ണം കഴിഞ്ഞുള്ള 50 എണ്ണത്തിനുവേണ്ടി ആളുകള്‍ വാഹനങ്ങളുമായി എത്തിയതോടെ പാലക്കാട് പാതയില്‍ എട്ടരയോടെ വാഹനങ്ങളുടെ നീണ്ടനിരയായി.

യാതൊരു സാമൂഹിക അകലവും പാലിക്കാതെ ജനങ്ങള്‍ തിങ്ങിനിറഞ്ഞതോടെ ആശുപത്രിയുടെ മുന്‍ഭാഗത്തുകൂടി കയറുന്നതിനുപകരം വടക്കുഭാഗത്ത് മതില്‍ ഇടിഞ്ഞ വഴിയിലൂടെയും ആളുകള്‍ തള്ളിക്കയറി. പോലീസെത്തിയാണ് തിരക്ക് നിയന്ത്രിച്ചത് കുത്തിവെപ്പ് നടത്താന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് തലേന്നാള്‍ തന്നെ ടോക്കണ്‍ ലഭ്യമാക്കി സമയം അനുവദിച്ചാല്‍ തിരക്ക് ഒഴിവാക്കാന്‍ കഴിയുമെന്ന് ജനപ്രതിനിധികള്‍ തന്നെ പറയുന്നു.

ഒന്നാം ഡോസ് കഴിഞ്ഞ് 100 ദിവസം; രണ്ടാം ഡോസിനായി കാത്തിരിപ്പ്

ലക്കിടി: ഒന്നാംഡോസ് കഴിഞ്ഞ് 84 ദിവസത്തിനുള്ളില്‍ രണ്ടാംഡോസ് എടുക്കണമെന്നാണ് ചട്ടം. പക്ഷേ, ലക്കിടി-പേരൂരില്‍ ഒന്നാംഡോസ് കഴിഞ്ഞ് 100 ദിവസം പിന്നിട്ടിട്ടും രണ്ടാംഡോസിനായി രക്തസമ്മര്‍ദവും പ്രമേഹമുള്ളവരുമുള്‍പ്പെടെയുള്ള ജനം കാത്തിരിപ്പാണ്. പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് അനിശ്ചിതമായി നീളുന്ന കാത്തിരിപ്പ്. വാര്‍ഡ് ഒന്നരമാസത്തോളം കണ്ടെയ്ന്‍മെന്റ് സോണിലായിരുന്നു.

അതിനാലാണ് വാര്‍ഡില്‍ രണ്ടാംഡോസ് വൈകുന്നതെന്നാണ് ആശവര്‍ക്കറും പഞ്ചായത്തംഗവും പറയുന്നത്. കുത്തിവെപ്പ് കേന്ദ്രങ്ങളുടെ വിവരം ഓണ്‍ലൈനില്‍ വരുമ്പോള്‍ത്തന്നെ ബുക്കിങ് പൂര്‍ണമായെന്ന വിവരം ലഭിക്കുന്നതെന്നാണ് വ്യാപക പരാതി. നിലവില്‍ സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന് കഴിയാത്ത അവസ്ഥയാണുള്ളത്. സംഭവം ഇതുവരെ ആരും ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും ലക്കിടി-പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.