പട്ടാമ്പി: മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ഒമ്പതുവയസ്സുകാരിയെ അഗ്നിരക്ഷാസേനയും യുവാവും ചേർന്ന് രക്ഷപ്പെടുത്തി. ഉദ്ഘാടനത്തിനുശേഷം രണ്ടാംദിനം തന്നെ വിലപ്പെട്ട ജീവൻ രക്ഷിച്ചെടുത്ത സന്തോഷത്തിലാണ് അഗ്നിശമനസേനാംഗങ്ങൾ.

ശനിയാഴ്ച ഉച്ചയോടെയാണ് പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിന് പിറകുവശത്തെ വീട്ടുകിണറിൽ ഒമ്പതുവയസ്സുകാരി വീണത്. മാങ്ങപറിക്കാനായി കിണറിന്റെ ചുറ്റുമതിലിൽ കയറിയപ്പോൾ കാൽ തെന്നി കിണറിൽ വീഴുകയായിരുന്നു. വെള്ളമുള്ള കിണറായതിനാൽ വീഴ്ചയിൽ പരിക്കേറ്റില്ല. കുട്ടി മുങ്ങിത്താഴുന്നതുകണ്ട് നാട്ടുകാരനായ കക്കാടത്ത് മുഹമ്മദ് ഷെബീർ കിണറ്റിലിറങ്ങി കുട്ടിയുടെ മുടിയിൽപ്പിടിച്ച് മുങ്ങിപ്പോകാതെ നിർത്തി. മുഹമ്മദ് ഷെബീറിനും നീന്തൽ വശമില്ലായിരുന്നു. തൊട്ടടുത്തുതന്നെയുള്ള പട്ടാമ്പി അഗ്നിരക്ഷാസേനാ ഓഫീസിൽ നാട്ടുകാർ വിവരമറിയിക്കയും മിനിറ്റുകൾക്കുള്ളിൽ സേനാംഗങ്ങൾ വീട്ടിലെത്തുകയും ചെയ്തു.

തുടർന്ന്, സ്റ്റേഷൻ ഓഫീസർ ബാബുരാജിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ കെ. സജിത്ത് കിണറ്റിലിറങ്ങുകയും കയറുകൊണ്ട് ചുറ്റിക്കെട്ടി കുട്ടിയെ പുറത്തെടുക്കുകയുമായിരുന്നു. പിന്നീട് യുവാവിനെയും കരക്കെത്തിച്ചു. വീഴ്ചയിൽ പരിഭ്രമിച്ചതല്ലാതെ മറ്റ് പരിക്കൊന്നും കുട്ടിക്കില്ല.

ഉദ്ഘാടനത്തിന്റെ തൊട്ടടുത്ത ദിവസംതന്നെ കുട്ടിയെ രക്ഷപ്പെടുത്തിയ വാർത്ത ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലും വൈറലാണ്. പട്ടാമ്പിയിൽ യൂണിറ്റ് വന്നില്ലെങ്കിൽ ഷൊർണൂരിൽ നിന്നോ പെരിന്തൽമണ്ണയിൽ നിന്നോ യൂണിറ്റെത്തി വേണം രക്ഷാപ്രവർത്തനം നടത്താൻ. ഇതിന് സമയമെടുക്കുകയും ചെയ്യും. ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം വെള്ളിയാഴ്ചയാണ് അഗ്നിശമനസേനാ യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.