ലണ്ടന്‍: പ്രവാസി മലയാളികളുടെ കലാലോകത്തിന് നടന വൈവിദ്ധ്യങ്ങളുടെ വര്‍ണ്ണപ്പൊലിമ സമ്മാനിച്ച്, 12 ആഴ്ചകളിലായി കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ നടത്തുന്ന  ഓണ്‍ലൈന്‍  നൃത്തോത്സവത്തിന് അര്‍ത്ഥ പൂര്‍ണ്ണമായ സമാപനം ഒരുങ്ങുന്നു. ''ട്യൂട്ടര്‍ വേവ്സ് ലണ്ടന്‍ ഇന്റര്‍നാഷണല്‍ ഡാന്‍സ് ഫെസ്റ്റിവല്‍' എന്ന പേരില്‍ മികവുറ്റ രീതിയില്‍ സംഘടിപ്പിച്ച  അന്താരാഷ്ട്ര നൃത്തോത്സവം പ്രവാസി മലയാളികളുടെ സാംസ്‌കാരിക ചരിത്രത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് യു.കെ സമയം മൂന്നു മണി (ഇന്ത്യന്‍ സമയം 8:30 പിഎം) മുതല്‍ കലാഭവന്‍ ലണ്ടന്റെ 'വീ ഷാല്‍ ഓവര്‍ കം' ഫേസ്ബുക് പേജില്‍ ഗ്രാന്റ് ഫിനാലെ ലൈവ് ലഭ്യമാകും.

സിനിമാതാരവും നര്‍ത്തകിയുമായ പാര്‍വതി ജയറാം മുഖ്യാതിഥിയായെത്തുന്ന ഗ്രാന്റ് ഫിനാലെയില്‍  കേരളത്തില്‍ നിന്നും പ്രവാസി മലയാളികള്‍ക്കിടയില്‍ നിന്നുമുള്ള നടന ലോകത്തെ വിസ്മയങ്ങള്‍ അണിനിരക്കും. ഇന്ത്യന്‍ രാഷ്ട്രപതിയില്‍ നിന്നും നിരവധി തവണ അവാര്‍ഡ് നേടിയിട്ടുള്ള  സീനിയര്‍  ആര്‍ട്ടിസ്റ്റ് സുപ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ജയപ്രഭ മേനോന്‍ (ഡല്‍ഹി) മുതല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യുക്മയുടെ  ദേശീയ കലാമേളയില്‍ കലാപ്രതിഭ പട്ടം തുടര്‍ച്ചയായി രണ്ട് വട്ടം നേടിയ ടോണി അലോഷ്യസ് വരെയുള്ളവരുടെ അതിമനോഹരങ്ങളായ നൃത്ത ഇനങ്ങളാവും ഗ്രാന്റ് ഫിനാലെയ്ക്ക് മാറ്റ് കൂട്ടുന്നത്.

കലാമണ്ഡലം  സോഫിയ സുദീപ്, കലാമണ്ഡലം ഷീനാ സുനില്‍ എന്നിവരുടെ നൃത്തങ്ങള്‍ ഏറെ ആകര്‍ഷണീയമാവും. ബാംഗ്ലൂര്‍ നൃത്ത്യ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ഡയറക്ടറും പ്രശസ്ത നര്‍ത്തകിയുമായ ഗായത്രി ചന്ദ്രശേഖറിന്റെ നൃത്തവും ഫിനാലെയ്ക്ക് മാറ്റ് കൂട്ടും.  

യു.കെയിലെ പ്രമുഖ നര്‍ത്തകരായ മഞ്ജു സുനില്‍, ബ്രീസ് ജോര്‍ജ് , സ്വരൂപ് മേനോന്‍ എന്നിവരും ചേരുന്നത് ഫിനാലെയുടെ മനോഹാരിത വര്‍ദ്ധിപ്പിക്കും. 

യുക്മ കലാതിലകം 2020 ആനി അലോഷ്യസ്, നോട്ടിങ്ങ്ഹാമില്‍ നിന്നുള്ള പാര്‍വതി പിള്ള,  മാന്‍സ്ഫീല്‍ഡില്‍ നിന്നുള്ള  അബീന രാജേഷ്  എന്നിവരുടെ നൃത്തങ്ങളും  ഫിനാലെയ്ക്ക് ചാരുത പകരും.

യു.കെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ ലണ്ടന് വേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോര്‍ഡിനേറ്റ് ചെയ്ത് അവതരിപ്പിക്കുന്നത്.

കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്‌സണ്‍ ജോര്‍ജ്, 'വീ ഷാല്‍ ഓവര്‍ കം' ഓര്‍ഗനൈസിംഗ് ടീം അംഗങ്ങങ്ങളായ റെയ്മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യ നായര്‍ തുടങ്ങിയവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്‌സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്, മേരാകീ ബൊട്ടീക്, പാലാ,  രാജു പൂക്കോട്ടില്, ഷീജാസ് ഐടി മാള്‍ കൊച്ചി, രാജു പൂക്കോട്ടില്‍  തുടങ്ങിയവരാണ് അന്താരാഷ്ട്ര നൃത്തോത്സവം സ്‌പോണ്‍സര്‍ ചെയ്യുന്നത്.