പുണെ: രണ്ടുവർഷമായി നിത്യവും തങ്ങളെ തേടിയെത്തി സൗജന്യചികിത്സ നൽകുന്ന ഡോ. അഭിജിത് സോനാവനെയാണ് തങ്ങളുടെ യഥാർഥ രക്ഷകൻ എന്നാണ് പുണെയിലെ തെരുവുകളിൽ ഭിക്ഷാടന ജീവിതം നയിക്കുന്ന അനാഥർക്ക് പറയാനുള്ളത്. ദിവസവും കാലത്ത് 10 മുതൽ തന്റെ കൊച്ചു ക്ലിനിക് കൂടിയായ മോട്ടോർ സൈക്കിളിൽ പുണെയിലെ യാചകരെ തേടിയെത്തുന്ന ഡോ. സൊനാവനെ വിശ്രമമൊഴിവാക്കിയാണ് ഉച്ചയ്ക്ക് മൂന്നുമണി വരെ ഇവരെ ചികിത്സിക്കുന്നത്.

അത്യാവശ്യ വൈദ്യ ഉപകരണങ്ങളും മരുന്നും അദ്ദേഹം കൊണ്ടുവരും. കൂടുതൽ വൈദ്യനിരീക്ഷണം ആവശ്യമുള്ളവർക്ക് തന്റെ സ്വന്തം ചെലവിൽ ആശുപത്രി സൗകര്യവും അദ്ദേഹം ഒരുക്കാറുണ്ട്. ഡോക്ടർ ഫോർ ബെഗ്ഗർ ( യാചകരുടെ ഡോക്ടർ ) എന്നെഴുതിയ ഒരു വെള്ള മേൽക്കുപ്പായം ധരിച്ചാണ് അദ്ദേഹമെത്തുക. ഡോക്ടർ ബിരുദം നേടിയ ആദ്യ കാലത്ത് കണ്ടുമുട്ടിയ ഒരു ഭിക്ഷക്കാരനാണ് ചികിത്സാരംഗത്തെക്കുറിച്ചുള്ള തന്റെ പൊതു കാഴ്ചപ്പാടിൽ മാറ്റമുണ്ടാക്കിയതെന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്.

ഭിക്ഷാടകരോട് കാരുണ്യം കാണിക്കേണ്ടത് അവർക്ക് പണം നൽകിയിട്ടല്ല. അവരോടുള്ള അനുകമ്പയാണ് പ്രധാനം. അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി അവരോടൊപ്പം സമൂഹം ഉണ്ടെന്ന ഉറപ്പ് നൽകാൻ നാം തയ്യാറാകണം. തന്റെ ചികിത്സ സന്ദർശനങ്ങളിലൂടെ ഭിക്ഷാടകരെ കൂടുതൽ അടുത്ത് അറിയാൻ കഴിഞ്ഞപ്പോഴാണ് ഇത്തരം കാര്യങ്ങൾ മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. മക്കൾ ഉപേക്ഷിച്ച പ്രായമായവരും മറ്റും പ്രതീക്ഷിക്കുന്നത് അവരോടുള്ള അനുകമ്പയാണ്. വൈദ്യ ചികിത്സക്ക് പുറമെ ഭിക്ഷാടകരുടെ പുനരധിവാസത്തിനും മറ്റുമായി സോഹം എന്ന പേരിൽ ഒരു ട്രസ്റ്റും ഡോ. അഭിജിത് സോനവനെ നടത്തുന്നുണ്ട്.