മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും കടന്നാക്രമിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ മറാത്ത‌്‌ വാഡയിൽ പ്രചാരണം തുടങ്ങി. വരൾച്ചാബാധിത പ്രദേശമായ ബീഡിലായിരുന്നു ആദ്യപ്രചാരണം.

സോളാപുരിൽ പദ്ധതികളുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി മോദി എത്തിയ വേളയിലായിരുന്നു ഉദ്ധവിന്റെ പര്യടനം. ദുരിതത്തിലായ കർഷകർക്ക് അവശ്യസാധനങ്ങളും കന്നുകാലികൾക്ക് തീറ്റയുമായി നിരവധി ട്രക്കുകളും ഇവിടെയെത്തി. കേന്ദ്ര സർക്കാറിന്റെ വിള ഇൻഷുറൻസ് സ്കീം റഫാൽ ഇടപാടുപോലെ മറ്റൊരു വൻ തട്ടിപ്പാണെന്ന് ഉദ്ധവ് ആരോപിച്ചു. പ്രസംഗമോ പ്രഖ്യാപനമോ കൊണ്ട് കാര്യമില്ലെന്നും പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഉദ്ധവ് പറഞ്ഞു. സഖ്യചർച്ചകളെക്കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണം. കർഷകർക്ക് സാമ്പത്തികസഹായം ലഭിക്കുന്നതിന് വേണ്ടിയാണ് 2015-ൽ പ്രധാനമന്ത്രി ഫസൽ ഭീമ യോജനയ്ക്ക് മോദി തുടക്കം കുറിച്ചത്.

വിളനാശം നേരിട്ട കർഷകർക്ക് ലഭിക്കേണ്ട ഇൻഷുറൻസ് തുക കിട്ടിയിട്ടുണ്ടോയെന്ന് സർക്കാർ വ്യക്തമാക്കണം. രണ്ടുരൂപയുടെയും അഞ്ച് രൂപയുടെയും അമ്പത് രൂപയുടെയും ചെക്കുകൾ കർഷകർക്ക് ലഭിച്ചിട്ടുണ്ട്. തനിക്ക് ‘മൻ കി ബാത്ത് ‘മനസിലാകില്ല എന്നാൽ ‘ജൻഹി ബാത്ത്’ മനസിലാക്കാനാവും. കർഷകരുടെ പ്രശ്നങ്ങൾ പഠിക്കുന്ന പ്രമുഖ പത്രപ്രവർത്തകൻ സായ്‌നാഥാണ് വിള ഇൻഷുറൻസ് പദ്ധതിയിലെ തട്ടിപ്പിനെക്കുറിച്ച് ആധികാരികമായി പറഞ്ഞിട്ടുള്ളത്.

പ്രധാനമന്ത്രി ദിവസവും രാജ്യങ്ങൾ സന്ദർശിച്ച് തന്റെ രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്ന് പറയുന്നു. അദ്ദേഹം രാജ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്നതല്ലാതെ രാജ്യത്തെ ജനങ്ങൾക്ക് മാറ്റമൊന്നും വന്നിട്ടില്ല. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനോ രാമക്ഷേത്രം നിർമിക്കാനോ മോദിയെക്കൊണ്ട് കഴിയില്ല. പിന്നെയെന്തിന് ഇവയൊക്കെ ബി.ജെ.പി. പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയെന്നും ഉദ്ധവ് ആരാഞ്ഞു.

ബീഡ് നേരത്തെ എൻ.സി.പി. യുടെ ശക്തി കേന്ദ്രമായിരുന്നു. എന്നാൽ സംസ്ഥാനത്ത് ബി.ജെ.പി. അധികാരത്തിൽ വന്നതോടെ എൻ.സി.പി.യുടെ ആധിപത്യം അവസാനിച്ചു. ബി.ജെ.പി. നഗരസഭാ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തു.