മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സാമൂഹികമാധ്യമങ്ങളിൽ അപമാനിച്ചുവെന്ന് ആരോപിച്ച് ശിവസേന പ്രവർത്തക യുവാവിന്റെ ദേഹത്ത് മഷി ഒഴിച്ചു. ഉദ്ധവിനെ അപമാനിച്ചെന്നാരോപിച്ച് നടക്കുന്ന തുടർച്ചയായ രണ്ടാമത്തെ സംഭവമാണ് ഇത്. നേരത്തെ ഇതേ പ്രശ്നംചൂണ്ടിക്കാട്ടി വഡാലയിൽ ശിവസേനാ പ്രവർത്തകർ ഒരു യുവാവിന്റെ തല മൊട്ടയടിച്ചിരുന്നു. ഉദ്ധവ് താക്കറെയ്‌ക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റിട്ട യുവാവിനെതിരേയാണ് യുവതിയുടെ പരസ്യ രോഷപ്രകടനം ഉണ്ടായത്. ബീഡ് ജില്ലയിലാണ് സംഭവം.

യുവാവിന്റെ ദേഹത്തിലൂടെ മഷിയൊഴിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. പൊതുസ്ഥലത്ത് ഫോണിൽ സംസാരിക്കുന്ന യുവാവിന് അടുത്തേക്ക് ഓറഞ്ചും പച്ചയും കലർന്ന സാരി ധരിച്ചെത്തിയ യുവതി പ്രകോപനം കൂടാതെ മഷി ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഉദ്ധവ് താക്കറെയെ സാമൂഹിക മാധ്യമത്തിൽ ചോദ്യംചെയ്ത വഡാല സ്വദേശിയുടെ തല ശിവസേനാ പ്രവർത്തകർ മൊട്ടയടിച്ചത് വിവാദമായിരുന്നു.

ഡൽഹി ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികളെ പോലീസ് ക്യാമ്പസിൽ കയറി നേരിട്ട നടപടിക്കെതിരേ വിമർശനം ഉയർത്തിയ ഉദ്ധവ് താക്കറെയെ സാമൂഹിക മാധ്യമങ്ങളിൽ വഡാല സ്വദേശി ചോദ്യംചെയ്താണ് പ്രവർത്തകരെ പ്രകോപിപ്പിച്ചത്.

ജാമിയ മില്ലിയയിൽ നടന്നത് ജലിയൻ വാലാബാഗാണ് എന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവന യുക്തിക്കുനിരക്കുന്നതല്ലെന്നും താരതമ്യം തെറ്റാണെന്നും പോസ്റ്റ് ചെയ്ത ഹേമന്ത് തിവാരിയെ ശിവസേന പ്രവർത്തകർ ക്രൂരമായി മർദിക്കുകയും തലമൊട്ടയടിക്കുകയുമായിരുന്നു.